നിർമാണത്തിന്റെ മറവിൽ മണൽ കടത്തുന്നതായി പരാതി
text_fieldsകായലിൽ നിന്നെടുത്ത മണ്ണ് കൂട്ടിയിട്ടിരിക്കുന്നു
കൊട്ടിയം: ദേശീയപാത നിർമാണത്തിന്റെ മറവിൽ മണൽ കടത്തുന്നതായി വ്യാപക പരാതി. മയ്യനാട് മുക്കം, പരവൂർ പൊഴിക്കര ഭാഗങ്ങളിൽ നിന്നുമായി പരവൂർ കായലിൽ നിന്നും ഡ്രഡ്ജ് ചെയ്തെടുക്കുന്ന മണ്ണ് പൊഴിക്കര ഭാഗത്ത് കൂട്ടിയിട്ടിരിക്കുകയാണ്. ഇവിടെ നിന്നും വലിയ ടോറസ് ലോറികളിൽ മണ്ണ് കയറ്റി പോകുന്നുണ്ട്.
എത്ര മണൽ ഡ്രസ്ജ് ചെയ്ത് എടുത്തുവെന്നതിന്‍റെ കണക്കെടുക്കുന്നതിന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥനില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ദിവസവും ലോഡ് കണക്കിന് മണ്ണാണ് ഇവിടെ നിന്നും കൊണ്ടുപോകുന്നത്. ദേശീയപാത നിർമാണത്തിനായാണ് മണ്ണ് കൊണ്ടുപോകുന്നതെന്നാണ് പറയുന്നത്.
ദേശീയപാതയുടെ പേര് പറയുന്നതിനാൽ പൊലീസും ലോറികൾ പരിശോധിക്കാറില്ല. ഈ മണ്ണ് ദേശീയപാത നിർമാണത്തിനായി തന്നെയാണോ കൊണ്ടുപോകുന്നതെന്ന് പരിശോധന നടത്തണമെന്ന ആവശ്യം ശക്തമാണ്.


