ഉയരപ്പാത നിർമാണം വ്യാപാരികൾക്ക് ഇരുട്ടടിയായി; വ്യാപാര സ്ഥാപനങ്ങൾ പലതും അടച്ചുപൂട്ടി
text_fieldsകൊട്ടിയത്ത് കടകളിൽ വാടകക്ക് എന്ന ബോർഡ് വെച്ചിരിക്കുന്നു
കൊട്ടിയം: ദേശീയപാതയുടെ പുനർനിർമാണം വ്യാപാരികൾക്ക് ഇരുട്ടടിയായി മാറി. കൊല്ലത്തിന്റെ ഉപഗ്രഹ നഗരം എന്നറിയപ്പെടുന്ന കൊട്ടിയം ടൗണിലാണ് ദേശീയപാതയുടെ പുനർ നിർമാണം വ്യാപാരികൾക്ക് ഇരുട്ടടിയായത്. ജങ്ഷനിൽ ഉയരപ്പാത വന്നതോടെ പറക്കുളം മുതൽ സിത്താര ജങ്ഷൻ വരെയുള്ള വ്യാപാരികൾ പ്രതിസന്ധിയിലായി.
കടകൾക്ക് മുന്നിലുള്ള സർവീസ് റോഡിൽ ഉയരപ്പാതയുടെ വൻമതിൽ വന്നതോടെ പല കടകളിലും സാധനങ്ങൾ വാങ്ങാൻ ആളുകൾ എത്താത്ത സ്ഥിതിയാണ്. സർവീസ് റോഡിന്റെ അരികിലുള്ള കടകളിൽ വ്യാപാരം നടക്കാതായതോടെ പലരും കടകൾ ഒഴിഞ്ഞുപോവുകയും ചെയ്തു. നൂറോളം കടകൾക്ക് മുന്നിൽ വാടകക്ക് എന്ന ബോർഡുകൾ സ്ഥാപിച്ചിരിക്കുകയാണ്. ഓണം കഴിയുന്നതോടെ കൂടുതൽ കച്ചവടക്കാർ കച്ചവടം നിർത്തി പോകാനുള്ള തയാറെടുപ്പിലാണ്.
വീതി കുറഞ്ഞ സർവീസ് റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമില്ല. ഇരുചക്ര വാഹനങ്ങൾ പോലും കടകൾക്കു മുന്നിൽ പാർക്ക് ചെയ്തിട്ട് കടകളിലേക്ക് കയറാൻ പറ്റാത്ത സ്ഥിതിയുള്ളതും കച്ചവടം പ്രതിസന്ധിയിലാക്കി. കൊട്ടിയം ജങ്ഷനിൽ നിന്നും ആരംഭിക്കുന്ന മയ്യനാട് റോഡ്, ഹോളിക്രോസ് റോഡ് എന്നിവിടങ്ങളിലുള്ള വ്യാപാരികളും വലിയ പ്രതിസന്ധിയിലാണ്. ജങ്ഷനിലെ അടിപ്പാത കഴിഞ്ഞാൽ റോഡിന്റെ മറുവശം എത്തണമെങ്കിൽ ഏറെദൂരം പോയി തിരിഞ്ഞുവരേണ്ട അവസ്ഥയാണ്.
ഉയരപ്പാത വരുന്നതിനുമുമ്പ് ലക്ഷങ്ങൾ മുടക്കി കടകളുടെ നവീകരണ പ്രവർത്തനം നടത്തിയ വ്യാപാരികളാണ് കൂടുതൽ പ്രതിസന്ധിയിലായത്. ദേശീയപാതയ്ക്കായി ഏറ്റെടുത്ത സ്ഥലത്തിൽ മിച്ചം വന്നിടത്ത് കടകൾ നിർമിച്ചവർ വലയുകയാണ്. വ്യാപാരി വ്യവസായി ഏകോപന സമിതിയിൽ അംഗത്വമുള്ള 400 ഓളം കടകളാണ് കൊട്ടിയത്തുണ്ടായിരുന്നത്. ഇതിൽ 120 കടകൾ നിർത്തിയതായും അമ്പതിലേറെ കടകൾ മറ്റിടങ്ങളിലേക്ക് മാറ്റിയതായും സമിതി കൊട്ടിയം യൂനിറ്റ് പ്രസിഡൻറ് കബീർ പറഞ്ഞു.
അമ്പതോളം തൊഴിലാളികൾ ഉണ്ടായിരുന്ന ഹോട്ടലുൾപ്പടെ അടച്ചുപൂട്ടിയവയിൽപ്പെടുന്നു. സർവീസ് റോഡിനരികിലുള്ള കടകൾ വൈദ്യുതി ചാർജ് അടക്കാൻ പോലും പെടാപ്പാടുപെടുന്ന അവസ്ഥയാണുള്ളത്. പല കടകളിലും ജീവനക്കാരുടെ എണ്ണം കുറച്ചതോടെ തൊഴിലാളികളുടെ തൊഴിലും നഷ്ടമായി. പറക്കുളം മുതൽ സിത്താരാ വരെ തൂണുകളിൽ ഉയരപ്പാത നിർമിച്ച് കൊട്ടിയത്തെ സംരക്ഷിക്കണമെന്ന ആവശ്യവുമായി വിവിധ സംഘടനകൾ സമരരംഗത്തിറങ്ങിയെങ്കിലും ജങ്ഷനിൽ മാത്രമായി ഉയരപ്പാത ഒതുങ്ങി.