സുരക്ഷ ഒരുക്കാതെ ദേശീയപാത നിർമാണം: വീണ്ടും ഹരജി നൽകി പൗരവേദി
text_fieldsവേണ്ടത്ര സുരക്ഷയില്ലാതെ അയത്തിൽ ജങ്ഷന് സമീപം നടക്കുന്ന റോഡ് നിർമാണം
കൊട്ടിയം: പൊതുജനങ്ങൾക്ക് സുരക്ഷ ഒരുക്കാതെയുള്ള ദേശീയപാത നിർമാണത്തിനെതിരെ കൊട്ടിയം പൗരവേദി വീണ്ടും കൊല്ലം ജില്ല ലീഗൽ സർവീസസ് അതോറിറ്റിയിൽ ഹരജി നൽകി. ഇത് രണ്ടാം തവണയാണ് പൗരവേദി ഹരജി നൽകുന്നത്. നേരത്തെ സമർപ്പിച്ച ഹരജി, നിർമാണ പ്രവർത്തനങ്ങളിൽ സുരക്ഷ ഒരുക്കുമെന്ന ദേശീയപാത അതോറിറ്റിയുടെയും കരാർ കമ്പനിയുടെയും ഉറപ്പിനെ തുടർന്നാണ് മധ്യസ്ഥചർച്ചയിൽ ഒത്തുതീർന്നത്.
സുരക്ഷാനടപടികൾ സ്വീകരിക്കാതെയുള്ള നിർമാണ പ്രവൃത്തികൾ മൂലം കൊട്ടിയം ജങ്ഷനിൽ ഒരു യുവതിക്ക് പരിക്കേറ്റ സാഹചര്യത്തിലാണ് പൗരവേദിക്ക് വേണ്ടി പ്രസിഡൻറ് അഡ്വ. കൊട്ടിയം എൻ. അജിത് കുമാർ ലീഗൽ സർവീസസ് അതോറിറ്റിയെ സമീപിച്ചത്. ഹരജിയിൽ കലക്ടർ, ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ, കരാർ കമ്പനിയായ ശിവാലയ കൺസ്ട്രക്ഷൻസ് ജനറൽ മാനേജർ എന്നിവരാണ് എതിർകക്ഷികൾ. ഹരജിക്കൊപ്പം നിരവധി പേർക്ക് പരിക്കേറ്റത് സംബന്ധിച്ച് പത്രങ്ങളിൽ വന്ന വാർത്തകളും ഹാജരാക്കിയിട്ടുണ്ട്.
ദേശീയപാത നിർമാണം ആരംഭിച്ചത് മുതൽ കരാർ കമ്പനിയുടെ അശ്രദ്ധമൂലം നിരവധിപേർ മരിക്കുകയും ഒട്ടേറെപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2024 ഏപ്രിൽ മാസം ഉമയനല്ലൂർ അമരവിള വീട്ടിൽ ഷംസുദ്ദീന്, ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് എടുത്തിരുന്ന കുഴിയിൽ വീണ് നട്ടെല്ലിന് സാരമായി പരിക്കേറ്റു.ഏറ്റവും ഒടുവിൽ, ഈ മാസം ആദ്യം കൊട്ടിയം ജങ്ഷനിൽ വെച്ച് റീ എൻഫോഴ്സ്ഡ് പാനലുകളിൽ ഒന്ന് സ്കൂട്ടർ ഓടിച്ചു വരികയായിരുന്ന ഉമയനല്ലൂർ തുണ്ടിൽ വീട്ടിൽ ആഷിക്കിന്റെ ഭാര്യ തസ്ലീമക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
അപകടങ്ങൾ തുടർക്കഥയാകുമ്പോൾ നിർമാണ പ്രവർത്തനങ്ങളിൽ മേൽനോട്ടം വഹിക്കേണ്ട അതോറിറ്റി ഉദ്യോഗസ്ഥർ നോക്കുകുത്തികളാകുന്നു. നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ സൂചന ബോർഡുകളോ മറ്റു സംവിധാനങ്ങളോ കരാർ കമ്പനി ഏർപ്പെടുത്താത്തതും കുഴികൾനിറഞ്ഞ റോഡുകളും മിക്കപ്പോഴും അപകടങ്ങൾക്ക് വഴിയൊരുക്കുന്നെന്നും ഹരജിയിൽ പറയുന്നു. അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും പരിക്കേറ്റവർക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെടുന്നുണ്ട്.ഹരജി ഫയലിൽ സ്വീകരിച്ച്, എതിർകക്ഷികൾ ആഗസ്റ്റ് രണ്ടിന് ഹാജരാകാൻ സബ് ജഡ്ജിയും ജില്ല ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയുമായ ഡോ. ടി. അമൃത നിർദ്ദേശിച്ചു.