കമ്പനിതൊടിയിൽവീട്ടിൽ സ്നേഹസാന്നിധ്യമായി ‘ഡോണ’
text_fields‘ഡോണ’ കുഞ്ഞുപിള്ളയോടൊപ്പം
കൊട്ടിയം: മയ്യനാട് ധവളകുഴി കമ്പനിതൊടിയിൽ കുഞ്ഞുപിള്ളയുടെ വീട്ടിലെ കാളിങ് ബെൽ ആണ് ഡോണ എന്ന പരുന്ത്. വീട്ടിലേക്ക് ആരുവന്നാലും ഡോണ ശബ്ദം ഉണ്ടാക്കും. പ്രത്യേകതരത്തിലുള്ള ഡോണയുടെ ശബ്ദം കേൾക്കുമ്പോൾ വീട്ടുകാർക്കറിയാം മുറ്റത്ത് ആരോ എത്തിയിട്ടുണ്ടെന്ന്.
ആറുവർഷം മുമ്പ് വീട്ടുപുരയിടത്തിലെ മാവിൽനിന്ന് താഴെ വീണ നിലയിൽ കണ്ടെത്തിയ പരുന്തിനെ 69 കാരനായ കുഞ്ഞുപിള്ളയും കുടുംബവും സംരക്ഷിക്കുകയായിരുന്നു. ചുരുങ്ങിയ ദിവസം കൊണ്ട് വീട്ടുകാരുമായി ഇണങ്ങിയ പരുന്തിന് ഡോണ എന്ന് പേരിടുകയും ചെയ്തു.
കുഞ്ഞുപിള്ളയും മക്കളും വീടിന് പുറത്തുപോകുമ്പോൾ ഡോണയെ തഴുകിയിട്ടുപോയില്ലെങ്കിൽ ബഹളംവെക്കും. അതിനാൽ പുറത്തേക്ക് പോകുമ്പോഴും വരുമ്പോഴും ഡോണയെ താലോലിച്ചേ വീട്ടിലേക്ക് കയറാൻ കഴിയൂ. വീട്ടുകാർ ഡോണ എന്ന് വിളിച്ചാൽ ഉടൻ വിളി കേൾക്കും. വീട്ടുകാരല്ലാതെ മറ്റാരുവിളിച്ചാലും ഡോണ വിളി കേൾക്കില്ല. കുഞ്ഞുപിള്ളയുടെ വീട്ടിൽ പൂച്ചയും പട്ടിയും ഒക്കെ ഉണ്ടെങ്കിലും അവരെല്ലാരുമായി ഡോണ സൗഹൃദത്തിലാണ്.
വീട്ടുകാർ കഴിക്കുന്ന ആഹാരം തന്നെയാണ് ഡോണക്കും നൽകുന്നത്. കുഞ്ഞുപിള്ളയുടെ ഭാര്യ സതിയോടും മക്കളോടും ചെറുമക്കളോടും വലിയ സ്നേഹമാണ് ഡോണക്ക്. ഡോണക്ക് ഇരിക്കാനുള്ള സൗകര്യവും വീട്ടുകാർ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ആറുവർഷം കൊണ്ട് ഡോണ കമ്പനിതൊടി വീട്ടിലെ പ്രിയപ്പെട്ട അംഗമായിക്കഴിഞ്ഞു, വേർപിരിയാൻ കഴിയാത്ത സ്നേഹം പകരുന്ന അംഗം.