ആംബുലൻസിന് സൈഡ് കൊടുത്തില്ല; ചോദ്യം ചെയ്ത ഡ്രൈവർക്ക് മർദനം
text_fieldsപ്രതീകാത്മക ചിത്രം
കൊട്ടിയം: രോഗിയുമായി വന്ന ആംബുലൻസിന് സൈഡ് കൊടുക്കാത്തതിനെ ചോദ്യംചെയ്തതിന്റെ പേരിൽ ബൈക്കിൽ വരികയായിരുന്ന സംഘം ആംബുലൻസിന് കേടുപാടുകൾ വരുത്തുകയും ഡ്രൈവറെ കയ്യേറ്റം ചെയ്യുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി 8:30 യോടെ കൊട്ടിയത്തായിരുന്നു സംഭവം.പത്തനാപുരത്ത് നിന്നും രോഗിയുമായി കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് വരികയായിരുന്ന ആംബുലൻസിന് മുന്നിൽ മൂവർ സംഘം സഞ്ചരിച്ചിരുന്ന ബൈക്ക് ആംബുലൻസിനെ കടത്തിവിടാതെ മുന്നിൽ പോവുകയും ആംബുലൻസ് പോകുന്നത് തടസ്സപ്പെടുത്തുകയും ആയിരുന്നു.
സൈഡ് കിട്ടിയപ്പോൾ മുന്നിൽ കയറിയ ആംബുലൻസിന്റെ ഡ്രൈവർആംബുലൻസിന് സൈഡ് കൊടുക്കാത്തത് ശരിയാണോ എന്ന് ചോദിച്ചതിന്റെ പേരിൽഡ്രൈവറെ കയ്യേറ്റം ചെയ്യുകയും ആംബുലൻസിന് കേടുപാടുകൾ വരുത്തുകയും ചെയ്തു. പത്തനാപുരം സ്വദേശിയായബിന്ദു എന്ന രോഗിയുമായാണ് ആംബുലൻസ് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് വന്നത്. ആംബുലൻസ് ഡ്രൈവർ വിവിൻ 37നാണ്കയ്യേറ്റത്തിൽ മർദനമേറ്റത്.
ആംബുലൻസിന് ഉണ്ടായിരുന്ന രോഗിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നതിനോടൊപ്പം വിവിനും ആശുപത്രിയിൽ ചികിത്സ തേടി. നിരീക്ഷണ ക്യാമറ ദൃശ്യങ്ങളുംസമൂഹമാധ്യമങ്ങളിൽ വന്ന വീഡിയോകളും പൊലീസ് പരിശോധിച്ച ശേഷം പ്രതികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കൊട്ടിയം കൊട്ടുംപുറം സ്വദേശിയായ ഒരു യുവാവിന്റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയത് എന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിനുശേഷം ഇയാൾ ഒളിവിൽ പോയതായാണ് വിവരം.


