മുൻ വൈരാഗ്യത്തിന്റെ പേരിൽ വീടിനുനേരെ ആക്രമണം; നാലുപേർ അറസ്റ്റിൽ
text_fieldsപിടിയിലായ പ്രതികൾ
കൊട്ടിയം: മുൻ വൈരാഗ്യത്തിന്റെ പേരിൽ വീട് അടിച്ചുതകർക്കുകയും വീട്ടിലുള്ള സ്ത്രീകളെ ആക്രമിക്കുകയുംചെയ്ത നാല് പേരെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. ഉമയനല്ലൂർ പേരയം തട്ടാരഴകത്ത് വീട്ടിൽ അനസ്(29), ഉമയനല്ലൂർ പേരയം തട്ടാരഴകത്ത് വീട്ടിൽ അജ്മൽ(25), ഉമയനല്ലൂർ പേരയം തട്ടാരഴകത്ത് വീട്ടിൽ ഷിഹാൻ(23) ഉമയനല്ലൂർ പേരയം കക്കാട്ട് പുത്തൻവീട്ടിൽ ദിൽഷാദ് (29) എന്നിവരാണ് അറസ്റ്റിലായത്.
പേരയം, പുത്തൻവിള വീട്ടിൽ ഷാഹുൽ ഹമീദിന്റെ വീടാണ് നാലംഗസംഘം അടിച്ചുതകർത്തത്. അഞ്ചു വർഷംമുമ്പ് ഷാഹുൽ ഹമീദിന്റെ മകൻ മുഹമ്മദ് ഷാഫിയുമായി ഉണ്ടായ പ്രശ്നത്തിന്റെ തുടർച്ചയായിട്ടാണ് തിങ്കളാഴ്ച വൈകുന്നേരം 3.30 ഓടെ പ്രതികൾ മാരകായുധങ്ങളുമായി ഹമീദിന്റെ വീട്ടിലെത്തുകയും മുഹമ്മദ് ഷാഫിയെ പുറത്തിറങ്ങാൻ പറയുകയും ചെയ്തത്. ഷാഫി പുറത്തിറങ്ങാത്തതിനെ തുടർന്ന് വീടിന്റെ ജനലുകൾ അടിച്ചുതകർത്ത സംഘം കതക് ചവിട്ടിപ്പൊളിച്ച് അകത്തുകടക്കുകയും മുഹമ്മദ് ഷാഫിയുടെ സഹോദരി രഹനയെ മർദിക്കുകയുമായിരുന്നു.
ഇതിനിടെ വീട്ടിലുണ്ടായിരുന്ന മുഹമ്മദ് ഷാഫി പിൻവശത്തെ വാതിലിലൂടെ ഇറങ്ങി ഓടിരക്ഷപ്പെട്ടു. സമീപവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കൊട്ടിയം പൊലീസിനുനേരെയും പ്രതികൾ പ്രകോപനം സൃഷ്ടിച്ചു. തുടർന്ന് കൂടുതൽ പൊലീസ് സംഘം സ്ഥലത്തെത്തി പ്രതികളെ പിടികൂടുകയായിരുന്നു. ലഹരിക്കടിമകളായ പ്രതികൾ നേരത്തേ പേരയം യുവസംഗമം ക്ലബിന് മുന്നിൽവെച്ച് മുഹമ്മദ് ഷാഫിയെ ആക്രമിച്ചിരുന്നു. സംഭവത്തിനുശേഷം പ്രതികളുടെ വീട്ടിൽ ആരോ അന്വേഷിച്ചെത്തിയിരുന്നു. ഇത് മുഹമ്മദ് ഷാഫി പറഞ്ഞുവിട്ട ആളുകളാണെന്ന് തെറ്റിദ്ധരിച്ചാണ് വീണ്ടും ആക്രമണം ഉണ്ടായത്. പ്രതികൾ വരുന്ന സി.സി ടി.വി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്.