ഒരു നാടിനാകെ അക്ഷര വെളിച്ചം പകർന്ന് ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിൻറെ ഗ്രന്ഥശാല
text_fieldsവായനശാല പ്രവർത്തിക്കുന്ന ബ്ലോക്കിന്റെ പഴയ കെട്ടിടം
കൊട്ടിയം: നാടിന്റെ വൈജ്ഞാനിക പുരോഗതിക്ക് അക്ഷരവെളിച്ചം പകരുകയാണ് ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്. സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ ബ്ലോക്ക് പഞ്ചായത്ത് ഗ്രന്ഥശാലയാണ് ഇവിടത്തേത്. ബ്ലോക്ക് പഞ്ചായത്തിന്റെ പഴയ കെട്ടിടത്തില്‍ ‘സാംസ്കാരിക കാര്‍ഷിക മ്യൂസിയവും ലൈബ്രറിയും’ ആണ് യാഥാർഥ്യമായത്. ആദ്യകാല സര്‍ക്കാര്‍ ഓഫിസുകളുടെ മാതൃകയില്‍ പണികഴിപ്പിച്ചതും കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രി ഇ.എം.എസ് തറക്കല്ലിട്ടതുമായ ബ്ലോക്ക് പഞ്ചായത്തിന്റെ പഴയ കെട്ടിടത്തിന് രൂപമാറ്റം വരുത്താതെയും പൊളിച്ചു മാറ്റാതെയും തനിമ നിലനിര്‍ത്തിയാണ് വായനാകേന്ദ്രത്തിന്റെ നിര്‍മിതി.
1000ലധികംവരുന്ന പുസ്തകശേഖരം, നിശ്ചിതഎണ്ണം അംഗത്വം, രജിസ്റ്ററുകളുടെ കൃത്യമായ പരിപാലനം തുടങ്ങി ഒരു വര്‍ഷത്തെ പ്രവര്‍ത്തനം ഉള്‍പ്പെടെ വിലയിരുത്തിയാണ് അംഗീകാരം. ഗ്രന്ഥശാലക്ക് പ്രവര്ത്തനനിയമാവലി തയാറാക്കുകയും തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ അനുമതി ലഭിക്കുകയും ചെയ്തു. ഇംഗ്ലീഷ് ഉള്‍പ്പടെ ഇതരഭാഷാദിനപത്രങ്ങളും ഇരുപതില്പരം ആഴ്ചപ്പതിപ്പുകളും മാസികകളുമുള്ള ഗ്രന്ഥശാലയുടെ പ്രവര്‍ത്തനം രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറുവരെയാണ്.
വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു ലക്ഷം രൂപയുടെ പുസ്തക ഷെല്ഫുകളും ഒരു ലക്ഷം രൂപയുടെ പുസ്തകങ്ങളുമാണ് സജ്ജീകരിച്ചിരിക്കുന്നത്. നിലവില്‍ വിവിധ മേഖലകളിലുള്ള 3000ത്തിലധികം വരുന്ന പുസ്തക സമ്പത്ത് ശേഖരം ഒരുക്കിയിട്ടുമുണ്ട്.ബാലവേദി, യുവജനവേദി, വനിതാവേദി, വയോജനവേദി, കലാ-സാംസ്കാരിക വേദി, വിമുക്തി, അക്ഷരസേന, വായനകൂട്ടായ്മ, പുസ്തക ചര്‍ച്ചകള്‍, സെമിനാറുകള്‍ എന്നിങ്ങനെ വിപുലമായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാക്കുകയാണ് ഇവിടെ. അടുത്ത ഘട്ടത്തില്‍ സമ്പൂര്‍ണ ഡിജിറ്റല്‍ ലൈബ്രറിയാണ് ലക്ഷ്യം. വിദേശസര്‍വകലാശാലകളിലെ പഠനത്തിന് ഉള്‍പ്പെടെ സഹായകമാകുന്ന പുസ്തകങ്ങള്‍ ലഭ്യമാകുന്ന വിദ്യാഭ്യാസകേന്ദ്രമായി ഗ്രന്ഥശാലയെ ഉയര്‍ത്താനും പദ്ധതിയുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. കെ. ശ്രീകുമാര്‍ പറഞ്ഞു.