ദേശീയപാത പുനർനിർമാണം; ഇത്തിക്കരയും പരിസരവും പൊടി ‘വിഴുങ്ങുന്നു’
text_fieldsപൊടി കൊണ്ടു മൂടിയ ഇത്തിക്കര
കൊട്ടിയം: ദേശീയ പാതയുടെ പുനർനിർമാണം നടക്കുന്ന ഇത്തിക്കരയിൽ റോഡിന്റെ ഇരുവശങ്ങളിലുമുള്ള യാർഡുകളിൽ നിന്നുയരുന്ന പൊടിയിൽ ജനം പൊറുതിമുട്ടുന്നു. ദേശീയപാത നിർമാണ കമ്പനി ഇത്തിക്കരയിൽ റോഡിന്റെ തെക്കും വടക്കുംഭാഗങ്ങളിലായി സ്ഥലം വാടകക്കെടുത്താണ് മണ്ണും മറ്റ് സാധനങ്ങളും സംഭരിച്ചിട്ടുള്ളത്. ഇവിടെ നിന്നുയരുന്ന പൊടിയാണ് ദുരിതം വിതക്കുന്നത്. വലിയ ടോറസ് ലോറികളിൽ മണ്ണ് കൊണ്ടുവന്നു തട്ടുമ്പോഴും കയറ്റി കൊണ്ടുപോകുമ്പോഴും വ്യാപകമായ പൊടിവന്ന് പ്രദേശമാകെ മൂടുകയാണ്.
അര കിലോമീറ്റർ ദൂരത്തിലുള്ള കുടുംബങ്ങൾക്കുവരെ പൊടിയുടെ അസ്വസ്ഥതകൾ ഉണ്ടാകുന്നുണ്ട്. അന്തരീക്ഷത്തിൽ ഉയരുന്ന പൊടിയിൽ നിന്നും അസുഖങ്ങൾ പിടിപെടുമോയെന്ന ആശങ്കയും പ്രദേശവാസികൾക്കുണ്ട്.