ബംഗ്ലാദേശ് സ്വദേശിയെ കൊന്ന് കുഴിച്ചുമൂടിയ കേസ്; പ്രതികൾക്ക് ജീവപര്യന്തം
text_fieldsശിക്ഷിക്കപ്പെട്ട പ്രതികൾ
കൊട്ടിയം: ബംഗ്ലാദേശ് സ്വദേശിയെ കഴുത്തറുത്ത് കൊന്ന് കുഴിച്ചുമൂടിയ കേസിലെ പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും പിഴയും. കണ്ണനല്ലൂർ എസ്.എ കാഷ്യൂ ഫാക്ടറിയിൽ ബംഗാൾ സ്വദേശി എന്നനിലയിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ജോലി ചെയ്തുവന്ന ബംഗ്ലാദേശുകാരൻ അബു കലാമിനെ കൊന്ന കേസിലാണ് പശ്ചിമബംഗാൾ സ്വദേശികളായ അൻവർ ഇസ്ലാം , ബികാസ് സെൻ എന്നിവരെ ജീവപര്യന്തം കഠിന തടവിനും 50000 രൂപ പിഴക്കും ശിക്ഷിച്ചത്. കൊല്ലം ഫോർത്ത് അഡീ. സെഷൻസ് കോടതി ജഡ്ജ് സി. എം സീമ ആണ് ശിക്ഷ വിധിച്ചത്.
പ്രതികൾ ജോലി ചെയ്തുവന്ന മുട്ടക്കാവ് എസ്.എ കട്ട കമ്പനിയിൽ ചീട്ടുകളിക്കാൻ എത്തുമായിരുന്ന അബൂകലാം കള്ളക്കളിയിലൂടെ പ്രതികളിൽ നിന്നും സ്ഥിരമായി പൈസ അപഹരിക്കുന്നതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 2023 ഡിസംബർ 17 ന് രാത്രി കമ്പനിയിലെത്തിയ അബുകലാമിനെ പ്രതികൾ കുണ്ടുമൺ ആറിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലേക്ക് വിളിച്ചുകൊണ്ടുപോകുകയും അവിടെ വെച്ച് മാരകമായി ആക്രമിച്ചു പരിക്കേൽപ്പിക്കുകയുമായിരുന്നു. പിന്നീട് ഷേവിങ് ബ്ലേയ്ഡ് കൊണ്ട് കഴുത്തറുത്ത് കൊന്നു. മൃതദേഹം ആറിന് സമീപമുള്ള ചെളി നിറഞ്ഞ പ്രദേശത്ത് കുഴിച്ചുമൂടി. തെളിവ് നശിപ്പിച്ച ശേഷം സംസ്ഥാനം വിട്ടു പോകാൻ ശ്രമിക്കുന്നതിനിടയിൽ ഇരുവരും പിടിയിലായി. കണ്ണനല്ലൂർ സ്റ്റേഷൻ ഇൻസ്പെക്ടർമാരായിരുന്ന വി ജയകുമാർ, പി.ബി വിനോദ് കുമാർ എന്നിവർ ചേർന്നാണ് കേസിന്റെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എ നിയാസ് കോടതിയിൽ ഹാജരായി.


