മയ്യനാട് സ്റ്റേഷനിൽ പ്ലാറ്റ്ഫോമിന് നീളമില്ല; യാത്രക്കാർ ദുരിതത്തിൽ
text_fieldsമയ്യനാട് റെയിൽവേ സ്റ്റേഷനിൽ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിർത്തിയ ട്രെയിനിലേക്ക് കയറുവാൻ ബുദ്ധിമുട്ടുന്നവർ
കൊട്ടിയം: പ്ലാറ്റ്ഫോമിന്റെ നീളക്കുറവ് യാത്രക്കാരെ ദുരിതത്തിൽ ആക്കുന്നു. മയ്യനാട് റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിന്റെ നീളക്കുറവാണ് യാത്രക്കാരെ വലക്കുന്നത്. ഇവിടെ നിർത്തുന്ന ട്രെയിനുകളുടെ മൂന്ന് ബോഗികൾ പ്ലാറ്റ്ഫോം കഴിഞ്ഞാണ് നിൽക്കുന്നത്. ഈ ബോഗികളിൽ കയറാനും ഇറങ്ങാനും വലിയ അഭ്യാസം വേണം. ട്രെയിനിൽ നിന്നും ഇറങ്ങുന്നവർ പലപ്പോഴും കാൽ തെറ്റി താഴേക്ക് വീഴുകയും പതിവാണ്.
എക്സ്പ്രസ് ട്രെയിനുകളുടെ അൺറിസർവ്ഡ് ബോഗികൾ മിക്ക ട്രെയിനുകളിലും ഏറ്റവും പിന്നിലായാണ് ഉണ്ടാവുക. ഇതിൽ നിന്നും ഇറങ്ങുന്നവരാണ് ബുദ്ധിമുട്ടുന്നത്. ട്രെയിനിന്റെ അഞ്ച് പടികൾ ഇറങ്ങി വേണം താഴെയുള്ള കുഴിയിൽ ഇറങ്ങാൻ. രാത്രികാലങ്ങളിൽ ഇവിടെ സ്റ്റോപ്പ് ഉള്ള എക്സ്പ്രസ് ട്രെയിനുകളിൽ നിന്നും ഇറങ്ങുന്നതിനും കയറുന്നതിനും ഏറെ ബുദ്ധിമുട്ടാണ് യാത്രക്കാർ അനുഭവിക്കുന്നത്. പ്ലാറ്റ്ഫോമിന് നീളം കൂട്ടി പ്രശ്നത്തിന് അടിയന്തര പരിഹാരം ഉണ്ടാക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.