അപകടത്തിന്റെ നടുക്കംമാറാതെ ഉമയനല്ലൂർ പട്ടരുമുക്ക് നിവാസികൾ
text_fieldsഅപകടത്തിൽ തകർന്ന കാറും ലോറിയും
കൊട്ടിയം: രണ്ട് യുവാക്കൾക്ക് ജീവൻ നഷ്ടമായ അപകടത്തിന്റെ നടുക്കം മാറാതെ ഉമയനല്ലൂർ പട്ടരുമുക്ക് നിവാസികൾ. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ വലിയശബ്ദം കേട്ടാണ് പ്രദേശവാസികൾ ദേശീയപാതയിലേക്ക് ഓടിയെത്തുന്നത്. നാട്ടുകാർ ഓടിയെത്തിയപ്പോൾ ടാങ്കർ ലോറിയിൽ ഇടിച്ചുതകർന്ന കാറിൽ കുടുങ്ങിക്കിടക്കുന്ന യുവാക്കളെയും, കാലുകൾക്കും മറ്റും ഗുരുതര പരിക്കേറ്റ് റോഡിൽ കിടക്കുന്ന ലോറി ഡ്രൈവറെയുമാണ് കണ്ടത്. ഒട്ടും സമയം കളയാതെ നാട്ടുകാർ ചേർന്ന് റോഡിൽ കിടന്ന ആളെ അടുത്തുള്ള സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. അരമണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് കാറിൽ കുടുങ്ങിക്കിടന്ന യുവാക്കളെ പുറത്തെടുത്ത് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കാനായത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അപകടത്തിൽപെട്ട കാർ പൂർണമായും തകർന്നു. ദേശീയപാതയുടെ നിർമാണത്തിനായി കരാറെടുത്തിട്ടുള്ള കമ്പനിയുടെ ടാങ്കർ ലോറി റോഡിൽ നിർത്തിയിട്ട ശേഷം മുൻവശത്തെ ഗ്ലാസ് ഡ്രൈവർ തുടച്ചുകൊണ്ട് നിൽക്കുന്നതിനിടെയാണ് മറ്റൊരു കാറിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോറിക്ക് മുന്നിലേക്ക് ഇടിച്ചുകയറിയത്. കാറിലുണ്ടായിരുന്ന പരവൂർ കലക്കോട് പാലവിള തെക്കതിൽഷാജിയുടെയും ജാസ്മിന്റെയും മകൻ ചാൾസ് (22), കലക്കോട് തൊടിയിൽ വീട്ടിൽസെട്രിക്കിന്റെയും വൽസലയുടെയും മകൻ സാൻ ജോ (22) എന്നിവരാണ് മരിച്ചത്. ലോറി ഡ്രൈവർ ബീഹാർ സ്വദേശി ചന്ദേശ്വർ പ്രസാദ് (55) ഗുരുതര പരിക്കേറ്റ് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഉറ്റസുഹൃത്തുക്കളും ബന്ധുക്കളുമായ യുവാക്കൾ മരണത്തിലും ഒന്നിച്ചു
പരവൂർ: ഉറ്റസുഹൃത്തുക്കളും ബന്ധുക്കളുമായ യുവാക്കൾ മരണത്തിലും ഒന്നിച്ചു. കുട്ടിക്കാലം മുതൽ ഒരുമിച്ച് കളിച്ചുവളർന്ന ചാൾസും സാൻജോയും എവിടെപ്പോയാലും ഒരുമിച്ചായിരുന്നു യാത്ര. മരണത്തിലേക്കുള്ള യാത്രയും ഇവർ ഒരുമിച്ചായി എന്നതാണ് പ്രിയപ്പെട്ടവരെ ഏറെ വേദനിപ്പിക്കുന്നത്. ചാൾസും സാൻജോയും അയൽവാസികളും ബന്ധുക്കളുമാണ്. ഹോട്ടൽ മാനേജ്മെൻറ് കോഴ്സ് പാസായ സാൻജോ കോവളത്തെ ഇൻറർനാഷനൽ ഹോട്ടലിൽ ജോലി നോക്കി വരികയാണ്. ആറ്റിങ്ങൽ ഗവ. പോളിടെക്നിക് കോളജിലെ അവസാന വർഷ വിദ്യാർഥിയാണ് ചാൾസ്. ഇരുവരുടെയും മൃതദേഹങ്ങൾ മേവറത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ കൊട്ടിയം പോലീസ് മേൽനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.


