കൊട്ടിയത്ത് നടപ്പാതയും റോഡും കൈയേറി കച്ചവടം പൊടിപൊടിക്കുന്നു
text_fieldsറോഡ് കൈയേറിയുള്ള വഴിയോര കച്ചവടം
കൊട്ടിയം : കോടികൾ മുടക്കി പുനർ നിർമിച്ച റോഡും നടപ്പാതകളും തെരുവ് കച്ചവടക്കാർ കൈയേറിയിട്ടും അധികൃതർ കണ്ട മട്ടില്ല. നടപ്പാത മുഴുവൻ കൈയേറിയതിനാൽ കാൽനടയാത്ര പോലും തടസ്സപ്പെട്ട നിലയിലാണ്. ഏറെ തിരക്കേറിയ കൊട്ടിയം -കുണ്ടറ റോഡിൽ കൊട്ടിയം ജങ്ഷന് വടക്കുവശമാണ് റോഡും നടപ്പാതകളും കൈയേറിയുള്ള കച്ചവടം പൊടിപൊടിക്കുന്നത്.
പാതയോരത്തെ നടപ്പാത പൂർണമായി കൈയേറിയാണ് പല കടകളും പ്രവർത്തിക്കുന്നത്. പഴയ വാഹനങ്ങളിലും ചെറു പെട്ടിക്കടകളിലും താൽക്കാലിക ടാർപോളിൻ ഷീറ്റുകൾ കെട്ടിയും റോഡ് വശത്ത് കുറ്റൻ പെട്ടികൾ ഉയരത്തിൽ അടുക്കിയുമാണ് കച്ചവടം.കടകളിൽ നിന്നുള്ള മാലിന്യങ്ങൾ തള്ളുന്നതും റോഡിലും നടപ്പാതയിലുമാണ്.
റോഡ് സൈഡിലുള്ള പച്ചക്കറി കടകളിൽ സാധനങ്ങൾ ഇറക്കുന്നതും ചെറിയ വാഹനങ്ങളിൽ കയറ്റുന്നതും പാതയോരങ്ങളിൽ തന്നെയായതിനാൽ ഇത് പ്രദേശത്ത് വലിയ ഗതാഗത തടസമാണ് സൃഷ്ടിക്കുന്നത്. കൂടാതെ ചില വ്യാപാര സ്ഥാപനങ്ങളുടെ മുന്നിൽ റോഡിലെക്ക് കയറ്റിയാണ് പച്ചക്കറി ഉത്പന്നങ്ങൾ ഇറക്കുന്നതും തരം തിരിക്കുന്നതും ചില്ലറ വിൽപനയ്ക്കായി വാഹനങ്ങളിൽ നിറയ്ക്കുന്നതും. ഉത്പന്നങ്ങൾ ഇവിടെ നിരത്തിയിട്ടിരിക്കുന്നതിന് പുറമെ ഒട്ടേറെ ചെറു വാഹനങ്ങളും ഇതോട് ചേർന്ന് പാർക്ക് ചെയ്യുന്നതിനാൽ മറ്റു വാഹനങ്ങളുടെ സഞ്ചാരത്തിന് തടസം നേരിടുകയാണ്. ഇതുമൂലം ഡ്രൈവർമാരുടെ കാഴ്ച മറയുമെന്നതിനാൽ അപകട സാധ്യതയും കൂടുതലാണ്.
ചിലയിടങ്ങളിൽ മറ്റ് സ്ഥാപനങ്ങളുടെ പാർക്കിങ് സ്ഥലം ഉൾപ്പെടെ കൈയേറി കച്ചവടം നടത്തുന്നതിനാൽ മറ്റു ആവശ്യങ്ങൾക്ക് വരുന്ന യാത്രക്കാർക്ക് വാഹനം പാർക്ക് ചെയ്യാൻ കഴിയാറില്ല. ഇത് മൂലം രാവിലെയും വൈകുന്നേരവും രൂക്ഷമായ ഗതാഗതക്കുരുക്ക് ആണ് കൊട്ടിയം-കണ്ണനല്ലൂർ റോഡിൽ ഉണ്ടാവുന്നത്. അപകടങ്ങൾ ഉണ്ടാകുന്നതും പതിവായി മാറിയിട്ടുണ്ട്. പല കച്ചവടക്കാരും തങ്ങളുടെ സ്വന്തം കടകളെന്ന പോലെയാണ് നടപ്പാതയിൽ കച്ചവടം നടത്തുന്നത്. തട്ടുകടകളും ലോട്ടറി വിൽപന തട്ടുകളും അടക്കം അമ്പതോളം കടകളാണ് കൊട്ടിയം മുതൽ കണ്ണനല്ലൂർ വരെ പാതയോരങ്ങളിലുള്ളത്. നിരവധി തവണ പ്രദേശത്തെ വ്യാപാരി വ്യവസായികളും സമീപവാസികളും പഞ്ചായത്ത് അധികൃതർക്കും പൊതു മരാമത്ത് അധികൃതർക്കും പരാതി നൽകിയെങ്കിലും നടപടിയില്ല.