അച്ഛനെയും മകനെയും സുഹൃത്തിനെയും ആക്രമിച്ച സംഭവം: പ്രതി പിടിയിൽ
text_fieldsനിഷാദ്
കൊട്ടിയം: പൊലീസിന് ഒറ്റിക്കൊടുത്തുവെന്ന് ആരോപിച്ച് ഗൃഹനാഥനെയും മകനെയും മകന്റെ സുഹൃത്തിനെയും ക്രൂരമായി മർദിച്ച പ്രതിയെ വീണ്ടും പൊലീസ് പിടികൂടി. തഴുത്തല കാവുവിള വയലിൽ പുത്തൻവീട്ടിൽ പൊട്ടാസ് എന്ന നിഷാദിനെയാണ് കൊട്ടിയം പൊലീസ് പിടികൂടിയത്.
ഉമയനല്ലൂർ പുതുച്ചിറ കുന്നുംപുറത്ത് വീട്ടിൽ മനു, ഇയാളുടെ മകൻ അഭിമന്യു, അഭിമന്യുവിന്റെ സുഹൃത്ത് ഹാരിസ് എന്നിവർക്കാണ് പരിക്കേറ്റത്. മനുവിനെ മർദിച്ച ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്താനും ശ്രമിച്ചു. തടസ്സം പിടിക്കാനെത്തിയ മകനെയും മകന്റെ സുഹൃത്തിന്റെയും തലയടിച്ചുപൊട്ടിച്ചു. മൂവരും ആശുപത്രിയിൽ ചികിത്സയിലാണ്.
ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് നിഷാദ്. രണ്ടാഴ്ച മുമ്പാണ് കാപ്പാ കേസിൽ ഇയാളെ പിടികൂടി ജയിലിലടച്ചത്. എന്നാൽ, ഹൈകോടതിയിൽ നിന്നും ജാമ്യം ലഭിച്ചു പുറത്തിറങ്ങിയശേഷമാണ് ആക്രമണം നടത്തിയത്. നിരവധി ക്രിമിനൽ കേസുകൾ ഉണ്ടായിട്ടും ജാമ്യംനേടി പുറത്തിറങ്ങുക എന്നതാണ് ഇയാളുടെ പതിവ്. കൊട്ടിയം ഇൻസ്പെക്ടർ പി. പ്രദീപിന്റെ നേതൃത്വത്തിൽ എസ്.ഐ നിതിൻ നളൻ എണ്ണിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ജില്ല ആശുപത്രിയിലെത്തിച്ച് ആരോഗ്യ പരിശോധനക്കുശേഷം പ്രതിയെ റിമാൻഡ് ചെയ്തു.