ഉത്സവകാലമെത്തി; തമിഴ് നാടോടി സംഘങ്ങളുടെ മോഷണകാലവും
text_fieldsമോഷണം ലക്ഷ്യമിട്ടെത്തിയ തമിഴ് നാടോടി സ്ത്രീകളുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു
കൊട്ടിയം: ഉത്സവ സീസൺ ആയതോടെ തിരക്കുള്ള സ്ഥലങ്ങളിൽനിന്ന് മാലമോഷണം ലക്ഷ്യമിട്ട് തമിഴ് നാടോടിസംഘങ്ങൾ എത്തിയതായി വിവരം. ഇവരെ തിരിച്ചറിയുന്നതിനായി ഇത്തരം കേസുകളിൽപെട്ടവരുടെ ചിത്രങ്ങൾ ഉത്സവസ്ഥലങ്ങളിലും മറ്റും പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും മാലമോഷണത്തിന് കുറവില്ല.
കഴിഞ്ഞദിവസം ഉത്സവസ്ഥലത്ത് അന്നദാനത്തിനിടെ വയോധികയുടെ മാല തമിഴ് നാടോടിസംഘം കവർന്നിരുന്നു. ചാത്തന്നൂർ താഴം കുളങ്ങര മേലൂട്ട് ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലാണ് തമിഴ് സംസാരിക്കുന്ന സ്ത്രീകൾ ചേർന്ന് അഞ്ച് പവന്റെ സ്വർണ മാല മോഷ്ടിച്ചത്. തിരക്കിനിടയിലാണ് മോഷണം. മൂന്ന് സ്ത്രീകൾ സംഘത്തിൽ ഉള്ളതായി സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാകുന്നുണ്ട്.
ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ ചാത്തന്നൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞദിവസമാണ് കടയിൽ സാധനം വാങ്ങാനെത്തിയ യുവാക്കൾ കടയുടമയായ സ്ത്രീയുടെ സ്വർണമാല പൊട്ടിച്ച് കടന്നത്. ഒന്നരപ്പവനോളം വരുന്ന മാലയാണ് നഷ്ടമായത്. ഊറാംവിള ജങ്ഷനിൽനിന്ന് മാർത്തോമ്മ പള്ളിയിലേക്കുപോകുന്ന പാതയരികിലെ കടയുടമയുടെ മാലയാണ് മോഷ്ടിച്ചത്. രാത്രി 8.45 ഓടെയാണ് സംഭവം.
ബൈക്കിലെത്തിയ യുവാക്കൾ കടയിൽനിന്ന് വാങ്ങിയ തൈര് ഇടുന്നതിന് കവർ ആവശ്യപ്പെട്ടു. കവർ എടുക്കുന്നതിനായി തിരിയുന്നതിനിടെ യുവതിയുടെ മാല പൊട്ടിച്ചശേഷം ഇവരെ തള്ളി താഴെയിട്ട് ബൈക്കിൽ കടന്നുകളയുകയായിരുന്നു.മോഷണത്തിന് മുമ്പ് മോഷ്ടാക്കൾ മേലേവിളയിലെ ഒരുകടയിലും ചാത്തന്നൂരിലും മറ്റ് ചില ഇടങ്ങളിലും കറങ്ങിനടക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ചാത്തന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.