എം.ഡി.എം.എയുമായി മൂന്നുപേർ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
കൊട്ടിയം: രാസലഹരി വിൽപന സംഘത്തിൽ കണ്ണികളായ മൂന്നുപേരെ കൊട്ടിയം പൊലീസ് പിടികൂടി. ലഹരി ഉപയോഗിക്കുന്നതിനിടെ പിടിയിലായ ഒരാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും ഡാൻസാഫ് ടീമും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മറ്റ് രണ്ടുപേർ കൂടി പിടിയിലായത്. ഇവരിൽ നിന്നും 14.23 ഗ്രാം എം.ഡി.എം.എ യും പൊലീസ് കണ്ടെടുത്തു. മുഖത്തല, കോടാലി മുക്കിൽ നിന്നും 2.45 ഗ്രാം എം.ഡി.എം.എ യുമായി മുഖത്തല ഡീസന്റ് ജങ്ഷൻ വെറ്റിലത്താഴം മുരളി സദനത്തിൽ അനന്തു കൃഷ്ണനെ (29) കൊട്ടിയം പൊലീസ് ആദ്യം പിടികൂടിയിരുന്നു.
ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് എം.ഡി.എം.എ വ്യാപാരികളായ അയത്തിൽ കാക്കടിവിള വീട്ടിൽ നിന്നും മുഖത്തല കിഴവൂർ കിഴക്കേവിള വീട്ടിൽ താമസിക്കുന്ന അരുൺ (27), പുന്തലത്താഴം ചരുവിള വീട്ടിൽ ശരത് മോഹൻ (30) എന്നിവരെ രാത്രി ഒമ്പതോടെ കിഴവൂർ മദ്റസക്ക് സമീപത്തുനിന്നും11.78 ഗ്രാം എം.ഡി.എം.എ യുമായി പിടികൂടിയത്.
മുഖത്തല, തൃക്കോവിൽ വട്ടം പ്രദേശങ്ങളിലെ പ്രധാന ലഹരി വിൽപനക്കാരാണ് പിടിയിലായ രണ്ടുപേർ. ഇവർക്ക് ലഹരി എത്തിച്ചവർക്കായി അന്വേഷണം നടന്നുവരുന്നതായി പൊലീസ് പറഞ്ഞു. കൊല്ലം സിറ്റി പൊലീസ് കമീഷണർ കിരൺ നാരായണന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ചാത്തന്നൂർ എ.സി.പി അലക്സാണ്ടർ തങ്കച്ചന്റെ മേൽനോട്ടത്തിൽ കൊട്ടിയം ഇൻസ്പെക്ടർ പ്രദീപ്, ഡാൻസാഫ് എസ്.ഐ സായി സേനൻ, എസ്.ഐ കണ്ണൻ, ഡാൻസാഫ് അംഗങ്ങളും എ.എസ്. ഐ മാരുമായ സീനു, മനു, ഹരിലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.