സർവീസ് റോഡിൽ മാലിന്യം തള്ളുന്നു; മൂക്കുപൊത്താതെ നടക്കാൻ പറ്റാത്ത അവസ്ഥ
text_fieldsസർവീസ് റോഡിൽ പാലത്തറക്കും മെഡിസിറ്റിക്കും ഇടയിൽ മാലിന്യംതള്ളിയ നിലയിൽ
കൊട്ടിയം: പുതുതായി നിർമിച്ച സർവീസ് റോഡിന്‍റെ വശങ്ങളിൽ മാലിന്യം തള്ളാൻ തുടങ്ങിയതോടെ വഴിയാത്രക്കാരും പ്രദേശവാസികളും ദുരിതത്തിൽ. പാലത്തറ മുതൽ മേവറം വരെയുള്ള ഭാഗത്താണ് റോഡരികിൽ മാലിന്യം തള്ളുന്നത് പതിവായത്.
റോഡരികിലെ ആളൊഴിഞ്ഞ ഭാഗങ്ങളിലും മേവറത്ത് അടിപ്പാതക്ക് അടുത്തുമായാണ് അറവുശാലയിൽ നിന്നുള്ള മൃഗാവശിഷ്ടങ്ങളടക്കം രാത്രിയിൽ കൊണ്ടുവന്ന് തള്ളുന്നത്. പാലത്തറക്കടുത്ത് അടുത്തിടെ മാലിന്യം കുന്നുകൂടിയപ്പോൾ തൃക്കോവിൽവട്ടം പഞ്ചായത്ത് അധികൃതരെത്തി നീക്കിയിരുന്നു. ഇപ്പോൾ അതേസ്ഥലത്ത് തന്നെയാണ് വീണ്ടും മാലിന്യം കുന്നുകൂടിയിട്ടുള്ളത്.
മേവറം ഭാഗത്തുനിന്നും ഉയരുന്ന ദുർഗന്ധം കാരണം മൂക്കുപൊത്താതെ പോകാൻ കഴിയാത്ത സ്ഥിതിയാണ്. നിരീക്ഷണ കാമറകൾ ഇല്ലാത്തതിനാലാണ് അറവുശാലകളിൽനിന്നുള്ള മാലിന്യം ഇവിടെ കൊണ്ടുവന്ന് തള്ളാൻ കാരണമാകുന്നതെന്ന് നാട്ടുകാർ പറയുന്നു. മാലിന്യം ഭക്ഷിക്കാൻ എത്തുന്ന തെരുവുനായ്ക്കളും മാലിന്യത്തിൽ നിന്നും ഉയരുന്ന പ്രാണികളും പരിസരവാസികൾക്കും വഴിയാത്രക്കാർക്കും ഭീഷണിയായി മാറിയിട്ടുണ്ട്.
കൊല്ലം കോർപറേഷനും തൃക്കോവിൽവട്ടം പഞ്ചായത്തും അതിർത്തിപങ്കിടുന്ന ഈ ഭാഗത്ത് കോർപറേഷൻ ആരോഗ്യവിഭാഗത്തിന്‍റെ രാത്രികാല പരിശോധന കർശനമാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.


