മേൽക്കൂരയിൽ ആൽമരം; ഭീഷണിയായി പൊതുമാർക്കറ്റ് കെട്ടിടം
text_fieldsതകര്‍ച്ചയിലായ പൊതുമാര്‍ക്കറ്റ് കടമുറികള്‍
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ പൊതുമാര്‍ക്കറ്റ് കെട്ടിടം പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും സമീപവാസികള്‍ക്കും ഭീഷണിയായി തുടരുന്നു. മേല്‍ക്കൂരയിലെ ഇരുമ്പ് കമ്പികള്‍ ദ്രവിച്ച് കോണ്‍ക്രീറ്റ് പാളികള്‍ പൊട്ടിത്തകര്‍ന്നും ഭിത്തികളിലെ ഇഷ്ടികയും കട്ടകളും ദ്രവിച്ച് പൊടിഞ്ഞും ഏതു നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ് കെട്ടിടം.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച കെട്ടിടത്തിനുള്ളിലെ സ്റ്റാള്‍ മുറികള്‍ എല്ലാം ഇഷ്ടികകള്‍ ദ്രവിച്ച് തകര്‍ന്നടിഞ്ഞ നിലയിലാണ്. മേല്‍ക്കൂരയില്‍ പലയിടത്തും ആല്‍മരം വളര്‍ന്നതോടെ കോണ്ക്രീറ്റിനുള്ളിലേക്ക് മഴവെള്ളം ഊര്‍ന്നിറങ്ങി ഭിത്തികളെല്ലാം നനഞ്ഞു കുതിര്‍ന്ന അവസ്ഥയിലാണെന്ന് വ്യാപാരികളും വ്യക്തമാക്കുന്നു.
നിലവില്‍ മത്സ്യവ്യാപാര കേന്ദ്രവും ഗ്രാമപഞ്ചായത്ത് വാടകക്ക് ലേലം ചെയ്തു പ്രവര്‍ത്തിക്കുന്ന കടകളും, ഇറച്ചി സ്റ്റാളുകളും പ്രവര്‍ത്തിക്കുന്നതും ഈ കെട്ടിടത്തിലാണ്. ആട്ടിറച്ചി സ്റ്റാളിനുള്ളില്‍ മേല്‍ക്കൂര താഴേക്ക് വീഴാതിരിക്കാന്‍ മുറിയുടെ നടുക്ക് തടികൊണ്ട് താങ്ങ് കൊടുത്തിരിക്കുകയാണ്. ചന്ത ദിവസങ്ങളിലും മറ്റും കച്ചവടത്തിനായി നിരവധി വ്യാപാരികളും സാധനങ്ങള്‍ വാങ്ങാനായി പൊതുജനവും ഇവിടേക്ക് എത്താറുണ്ട്.
ഏതു നിമിഷവും നിലം പൊത്താവുന്ന നിലയിലുള്ള കുളത്തൂപ്പുഴ പൊതുമാര്‍ക്കറ്റ് കെട്ടിടം
കൂടാതെ പൊതു മാര്‍ക്കറ്റിനോട് ചേര്‍ന്ന് താമസിക്കുന്ന നിരവധി കുടുംബങ്ങള്‍ അവരുടെ താമസ സ്ഥലത്തേക്ക് കടന്നു പോകുന്നതും മാര്‍ക്കറ്റ് കെട്ടിടത്തിനുള്ളിലൂടെയാണ്. ഇവരുടെ വീടുകളോട് ചേര്‍ന്നാണ് തകര്‍ച്ചയിലായ പല സ്റ്റാള്‍ മുറികളുള്ളത്. കുട്ടികള്‍ കളിക്കുന്നതും വീട്ടുകാരും മറ്റും പുറത്തേക്ക് കടന്നു പോകുന്നതും വരുന്നതുമെല്ലാം ഈ കെട്ടിടത്തിനിടയിലൂടെയാണ്. ഏതു നിമിഷവും തകര്‍ന്നു വീഴാവുന്ന നിലയിലുള്ള കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി തൊട്ടടുത്ത് താമസിക്കുന്ന കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പലതവണ ഗ്രാമപഞ്ചായത്തിന് പരാതികള്‍ നല്‍കിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.
പൊതു മാര്‍ക്കറ്റ് നവീകരണത്തിനായി പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും അതു നടപ്പാകുന്ന മുറക്ക് കെട്ടിടം പൊളിച്ചു നീക്കാമെന്നുമുള്ള മറുപടിയാണ് അധികൃതരില്‍ നിന്നും ലഭിച്ചതെന്ന് ഇവിടുത്തെ താമസക്കാര്‍ പറയുന്നു. അടിയന്തിരമായി കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.