ട്രെയിലറിന്റെ പിൻചക്രം ഊരിത്തെറിച്ചു; വീടിനുള്ളിൽ പതിച്ച് കുഞ്ഞിന് പരിക്ക്
text_fieldsമലയോരഹൈവേയില്‍ കുളത്തൂപ്പുഴ മൈലമൂട് കവലക്ക് സമീപം ട്രെയിലർ ലോറിയുടെ ചക്രങ്ങള്‍ ഊരിത്തെറിച്ച് വീടിന്റെ ജനാലയും മുന്‍വശത്തെ തൂണും തകര്‍ന്ന നിലയില്‍
കുളത്തൂപ്പൂഴ: മലയോര ഹൈവേയിൽ ഓട്ടത്തിനിടെ ട്രെയിലർ ലോറിയുടെ പിൻ ചക്രങ്ങളിലൊന്ന് ഊരിത്തെറിച്ച് പാതയോരത്തെ വീട്ടിലേക്ക് ഇടിച്ചുകയറി ജനാലയും തൂണും തകർത്തു. വീടിനുള്ളിൽ ഉറങ്ങിക്കിടന്ന കുഞ്ഞിന് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി 11.30ഓടെ മടത്തറ-കുളത്തൂപ്പുഴ പാതയിൽ മൈലമൂട് കവലക്ക് സമീപമായിരുന്നു അപകടം. തമിഴ്നാട്ടിലേക്ക് പോയ ലോറിയുടെ പിന്ചക്രങ്ങളിലൊന്നാണ് വിട്ടുമാറി മുന്നിലേക്ക് ഉരുണ്ട് പാതയോരത്തെ നസീം മന്‍സിലിൽ അബ്ദുൽ സലാമിന്റെ വീട്ടിലേക്ക് ശക്തമായി ഇടിച്ചുകയറിയത്. അബ്ദുൽ സലാമിന്റെ ഭാര്യയും മകന്റെ കുഞ്ഞും ഉറങ്ങിക്കിടന്ന മുറിയുടെ ജനാലയിലാണ് ടയർ വന്നിടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ കിടപ്പുമുറിയുടെ ജനല്‍ ചില്ലുകള്‍ പൊട്ടി കുഞ്ഞിന്റെ ദേഹത്ത് പതിച്ചാണ് പരിക്കേറ്റത്. വീടിന്റെ ഉമ്മറത്തെ തൂണും തകര്‍ന്നു നിലംപതിച്ചു. സംഭവമെന്തെന്നറിയാതെ പകച്ച വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് അപകടം വ്യക്തമായത്. പരിക്കേറ്റ കുട്ടിയെ ഉടന്‍ കുളത്തൂപ്പുഴ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി.
പരിക്ക് ഗുരുതരമല്ല. ലോറി 100 മീറ്ററിലധികം മുന്നോട്ട് ഉരുണ്ട ശേഷമാണ് നിയന്ത്രണ വിധേയമാക്കി നിര്‍ത്താനായത്. കുളത്തൂപ്പുഴ പൊലീസ് മേല്‍ നടപടി സ്വീകരിച്ചു.


