വനാവരണം പദ്ധതി വിപുലീകരണം: കിഴക്കന്‍ മേഖലയില്‍ 169 കി. മീ. നീളത്തില്‍ പദ്ധതി ഒരുക്കാന്‍ തീരുമാനം
text_fieldsപ്രതീകാത്മക ചിത്രം
കുളത്തൂപ്പുഴ: മനുഷ്യ- വന്യജീവി സംഘര്‍ഷം ലഘൂകരിച്ച് പൊതുജനങ്ങള്‍ക്ക് സുരക്ഷയൊരുക്കുക, കാര്‍ഷിക മേഖലയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പുനലൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന വനാവരണം പദ്ധതി നടത്തിപ്പ് സംബന്ധിച്ച് വിലയിരുത്തുന്നതിനും വിപുലീകരിക്കുന്നതിനും വേണ്ടി വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. പി.എസ്. സുപാല്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഏഴുകോടി രൂപയുടെ വികസന പദ്ധതികള്‍ അനുവദിച്ചതായി യോഗത്തിൽ അറിയിച്ചു.
ത്രിതല പഞ്ചായത്തുകളുടെയും വനം-കൃഷി വകുപ്പുകളുടേയും സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന പദ്ധതി പ്രകാരം വനമേഖലയില്‍ 169 കിലോ മീറ്റര്‍ ദൂരം ആനക്കിടങ്ങുകള്‍, സൗരോര്‍ജ്ജ തൂക്കുവേലികള്‍ എന്നിവ നിർമിച്ച് സുരക്ഷ ഒരുക്കാനാണ് പദ്ധതി ലക്ഷ്യമാക്കുന്നത്. തുടര്‍പ്രവര്‍ത്തനത്തിനും പരിപാലനത്തിനും സംവിധാനമൊരുക്കുമെന്നും നിലവില്‍ ഒരു കോടിയുടെ പദ്ധതികള്‍ പൂര്‍ത്തികരണ ഘട്ടത്തിലാണെന്നും യോഗം വിലയിരുത്തി.
സര്‍ക്കാര്‍ ഏജന്‍സികളായ കൃഷി വകുപ്പിന്‍റെ ആര്‍.കെ.വി.വൈ, നബാര്‍ഡ്, കെല്‍ എന്നീ സ്ഥാപനങ്ങള്‍ക്കാണ് നിർമാണ മേല്‍നോട്ട ചുമതല. തെന്മല, ആര്യങ്കാവ്, കുളത്തൂപ്പുഴ, അഞ്ചല്‍ വനം റേഞ്ചുകളിലെ എല്ലാ ജനവാസ പ്രദേശങ്ങളിലും പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കുമെന്നും പുനലൂര്‍ താലൂക്കില്‍ ജനവാസ മേഖലകള്‍ വനവുമായി വേര്‍തിരിച്ച് വന്യമൃഗശല്യത്തില്‍ നിന്നും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും ഡിസംബറിനുമുമ്പ് ഇവ പൂര്‍ത്തികരിച്ച് നാടിനുസമര്‍പ്പിക്കുമെന്നും എം.എല്‍.എ അറിയിച്ചു.
കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്‍റ് പി. ലൈലാ ബീവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഓമനാ മുരളി, പുനലൂര്‍ ഡി.എഫ്.ഒ വൈ.എം. സജി കുമാര്‍, സി.സി.എഫ്. ജിയാസ് ജെ. ലെബ്ബ, ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. സുവിന്‍ കുമാര്‍. കെല്‍ക്കോ പ്രതിനിധി അനീസ, ബി.ഡി.ഒ. ബി.ആര്‍. അരുണ തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു.


