സ്കൂളിലെ തര്‍ക്കം കൈയാങ്കളിയായി അര്‍ധ രാത്രിയില്‍ പൊതുവഴിയില്‍ തമ്മില്‍ത്തല്ല്
text_fieldsകുളത്തൂപ്പുഴ: സ്കൂളിലുണ്ടായ തര്‍ക്കം പാതിരാത്രിയില്‍ സുഹൃത്തുക്കളായ വിദ്യാര്‍ഥികള്‍ പൊതുനിരത്തില്‍ തമ്മില്ത്തല്ലിലെത്തി. അടിയേറ്റ് കുഴഞ്ഞ് വഴിയില്‍ വീണ കുട്ടിയെ വീട്ടുകാരെത്തി ആശുപത്രിയിലെത്തിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്തോടെ കുളത്തൂപ്പുഴ കൈതക്കാട് പഴയ തീപ്പെട്ടി ഓഫിസ് റോഡിലായിരുന്നു സംഭവം.
പ്രദേശവാസികളായ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ സംഘടിതമായി കുളത്തൂപ്പുഴ ജുമാ മസ്ജിദില്‍ രാത്രി പ്രാര്‍ഥനക്ക് പോയി മടങ്ങിവരവെ സുഹൃത്തുക്കള്‍ തമ്മില്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിനെ ചൊല്ലിയുള്ള തര്‍ക്കം കൈയാങ്കളിയിലെത്തിയത്. കൂട്ടത്തിലൊരാളെ മറ്റു മൂന്നുപേര്‍ ചേര്‍ന്ന് മര്‍ദിക്കുകയും വഴിയിലുപേക്ഷിക്കുകയുമായിരുന്നുവെന്നാണ് പരിസരവാസികള്‍ പറഞ്ഞത്.
കുളത്തൂപ്പുഴ പൊലീസ് ഇടപെട്ട് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും വിളിച്ചുവരുത്തി സംസാരിച്ചതായാണ് വിവരം. അതേസമയം, കഴിഞ്ഞ അധ്യയനവര്‍ഷവും ഇത്തരത്തില്‍ വിദ്യാര്‍ഥിസംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരസ്യമായി നിരത്തിലേക്കെത്തുകയും നാട്ടുകാരിടപെട്ട് പൊലീസില്‍ ഏല്പിക്കുകയും വിദ്യാലയത്തില്‍ നിന്നും പുറത്താക്കുന്ന സംഭവം വരെയെത്തിയിരുന്നു.
പൊലീസ് ഇടപെട്ട് രക്ഷിതാക്കളുമായി ബന്ധപ്പെട്ട് സമവായ ചര്‍ച്ചകള്‍ നടത്തി പരിഹരിച്ചിരുന്നുവെങ്കിലും ശേഷം വിഷുവിനും ആഘോഷ സമയങ്ങളിലും ഇക്കൂട്ടര്‍ തമ്മില്‍ അടിപിടികളുണ്ടായിട്ടുണ്ട്.
ഒരു വര്‍ഷത്തിനിപ്പുറവും ഇതു സംബന്ധിച്ച് ആക്രോശങ്ങളും ചര്‍ച്ചകളും നടത്തുന്ന സമൂഹമാധ്യമ കൂട്ടുകള്‍ ഇപ്പോഴും സജീവമാണെന്ന സൂചനകളാണ് വിദ്യാര്‍ഥികളില്‍ പലരും പങ്കുവെക്കുന്നതും. അതുകൊണ്ടുതന്നെ വിദ്യാലയങ്ങള്ക്കുള്ളിലെ സൗന്ദര്യ പിണക്കങ്ങള്‍ രക്ഷിതാക്കളും അധ്യാപകരും ഇടപെട്ട് പരിഹരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.