രണ്ടാം ദിനവും കെട്ടടങ്ങാതെ എണ്ണപ്പനത്തോട്ടത്തിലെ തീ
text_fieldsഓയില്‍ പാം എസ്റ്റേറ്റില്‍ രണ്ടാംദിനവും പടരുന്ന തീ അണക്കാനുള്ള അഗ്നിരക്ഷാസേനയുടെ ശ്രമം
കുളത്തൂപ്പുഴ: എണ്ണപ്പനത്തോട്ടത്തിലേക്ക് പടര്‍ന്ന തീ രണ്ടാംദിനവും പൂര്‍ണമായി കെടുത്താനാവാത്ത അവസ്ഥയില്‍. പൊതുമേഖലാസ്ഥാപനമായ ഓയിൽ പാം ഇന്ത്യ ലിമിറ്റഡിന് കീഴിലുള്ള കുളത്തൂപ്പുഴ കണ്ടൻചിറ തോട്ടത്തില്‍ ചൊവ്വാഴ്ച ഉച്ചക്ക് മൂന്നോടെയാണ് തീപിടിത്തമുണ്ടായത്. വ്യാപകമായി എണ്ണപ്പനകള്‍ കത്തിനശിച്ചു. അധികൃതർ അഗ്നിരക്ഷാസേനയുടെയും പൊലീസിന്റെയും സഹായം തേടിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
അടിക്കാടിലും ഉണങ്ങിയ ഓലകളിലും പിടിച്ച തീ ശക്തമായ കാറ്റിൽ എണ്ണപ്പനകൾക്ക് മുകളിലേക്കും പടരുകയായിരുന്നു. ഇതോടെ സമീപത്തേക്ക് എത്താനാവാത്ത വിധം പ്രദേശമാകെ തീയും പുകയും നിറഞ്ഞു. രാത്രി വൈകിയും തീ കെടുത്തുന്നതിനുള്ള ശ്രമത്തിലാണ് അഗ്നിരക്ഷാസംഘാംഗങ്ങള്.
കാറ്റും ഇരുട്ടും തോട്ടത്തിലൂടെ താഴ്ന്നപ്രദേശങ്ങളിലേക്ക് പോകാനുള്ള ബുദ്ധിമുട്ടും ഇതിന് തടസ്സമായി. ഇതോടെ സമീപത്തെ ജനവാസമേഖലയിലേക്കും അടുത്തുള്ള അക്കേഷ്യാ പ്ലാന്റേഷനിലേക്കും തീ പടരാതിരിക്കാനുള്ള ശ്രമം നടത്തുകയായിരുന്നു. രണ്ടാം ദിനവും താഴ്ന്ന പ്രദേശങ്ങളില്‍ തീ പടരുന്നുണ്ടായിരുന്നു. ഇതിനോടകം 150 ഏക്കറോളം പ്രദേശത്തെ തോട്ടം തീ വിഴുങ്ങി. രണ്ടുവര്‍ഷം പ്രായമായ നൂറുകണക്കിന് എണ്ണപ്പന തൈകളടക്കം കത്തി നശിച്ചു.
ജനവാസമേഖലയായ ഡാലി ഭാഗത്തുനിന്നാണ് തോട്ടത്തിലേക്ക് തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. ഇവിടെയുള്ള ഇന്ധനവിതരണപമ്പിന് സമീപത്തേക്ക് തീ പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ അധികൃതര്‍ സ്വീകരിച്ചു. പുനലൂർ, കടയ്ക്കൽ എന്നിവിടങ്ങളില്‍നിന്ന് കൂടുതല്‍ അഗ്നിരക്ഷാസംഘമെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പലഭാഗത്തും വാഹനം എത്തിപ്പെടാനാകാത്ത ദുര്ഘടപാതയായതിനാലാണ് തീ പൂര്‍ണമായി കെടുത്താനാകാത്തത്.
വെട്ടി ഒഴിഞ്ഞ പനകള്‍ വ്യാപകമായി തോട്ടത്തിലുണ്ട്. ഇവയില്‍ പടര്‍ന്നുപിടിച്ച തീയിലേക്ക് ജലം എത്ര പമ്പ് ചെയ്തിട്ടും പൂര്‍ണമായി കെടാത്തതാണ് ദുരിതമായിരിക്കുന്നത്. തൊഴിലാളികള്‍ തലച്ചുമടായി വെള്ളമെത്തിച്ചാണ് കെടുത്താൻ ശ്രമിക്കുന്നത്.
ഉച്ചയോടെ തീ നിയന്ത്രവിധേയമാക്കാനായതായും സംഭവത്തില്‍ അട്ടിമറി സാധ്യത ഉണ്ടോ എന്ന് പരിശോധിക്കാന്‍ കുളത്തൂപ്പുഴ പൊലീസില്‍ പരാതിപ്പെട്ടതായും ഇതുസംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും ഓയില്‍പാം ചെയര്മാന് എസ്. രാജേന്ദ്രന്, മാനേജിങ് ഡയറക്ടര്‍ ജോണ്‍ െസബാസ്റ്റ്യന്‍ എന്നിവര്‍ പറഞ്ഞു. കഴിഞ്ഞദിവസം കത്തിനശിച്ച തോട്ടം സന്ദര്‍ശിക്കവെയാണ് സംഘം ഇക്കാര്യം അഭിപ്രായപ്പെട്ടത്.
50 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. കായ്ഫലമുള്ള നൂറുകണക്കിന് വലിയ പനകളിലേക്ക് തീപടര്‍ന്നെങ്കിലും അധികം നാശനഷ്ടം സംഭവിച്ചിട്ടിെല്ലന്നാണ് ഉദ്യോഗസ്ഥസംഘം വിലയിരുത്തിയത്. രണ്ടുവര്‍ഷം പഴക്കമുള്ള തൈകളിലേക്കും വ്യാപകമായി തീ പടര്‍ന്നിട്ടുണ്ട്. തുടര്‍ച്ചയായി ചുവട്ടില്‍ ജലലഭ്യത ഉറപ്പാക്കിയാല്‍ ഇലകള്‍ കത്തി നശിച്ച തൈകളില്‍ ഏറെയും വീണ്ടെടുക്കാനാകുമെന്നും എം.ഡി പറഞ്ഞു. ഇതിനുവേണ്ടിയുളള ദ്രുതഗതിയിലുള്ള പ്രവര്‍ത്തനം ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു..
സീനിയർ മാനേജർ ജയിംസ്, എസ്റ്റേറ്റ് മാനേജർ ബിനോയ്, ഓയിൽ ഫാം സ്റ്റാഫ് യൂനിയൻ സെക്രട്ടറി അജയൻ, ബോർഡ് മെംബർ അജയപ്രസാദ്, അഞ്ചൽ റേഞ്ച് ഫോറസ്റ്റ് ഓഫിസർ അജികുമാർ, ഡെപ്യൂട്ടി അനിൽകുമാർ, കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ലാലാബീവി, അംഗം നദീറ സൈഫുദീന്‍, ബ്ലോക്ക് പഞ്ചായത്തംഗം ഇ.കെ. സുധീര്‍, എ.ഐ.ടി.യു.സി യൂനിയന്‍ നേതാവ് സി. അജയപ്രസാദ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.