ഒരു കോടിയുടെ സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ നാലുപേര്‍ പിടിയില്‍
text_fieldsപിടിയിലായ പ്രതികൾ
കുളത്തൂപ്പുഴ: വിദേശത്തു നിന്നും കടത്തികൊണ്ട വന്ന സ്വർണം വിൽക്കാൻ ശ്രമിക്കവെ ക്വട്ടേഷൻ സംഘത്തിന്റെ സഹായത്തോടെ കവര്‍ന്ന സംഭവത്തില്‍ കുളത്തൂപ്പുഴ സ്വദേശികളായ നാലു പേര് പിടിയില്‍. മുഖ്യ പ്രതി വിദേശത്തേക്ക് കടന്നതായി സൂചന. കഴിഞ്ഞ 31ന് തൃശൂര്‍ സ്വദേശിയില്‍ നിന്നും 32 ലക്ഷം രൂപയും 600 ഗ്രാം സ്വര്‍ണവും കവര്‍ന്ന സുഹൃത്തുക്കളും സഹോദരങ്ങള്‍ ഉള്‍പ്പടെയുള്ള സംഘവുമാണ് കുളത്തൂപ്പുഴ പൊലീസിന്റെ പിടിയിലായത്.
കുളത്തൂപ്പുഴ മൈലമൂട് ചാമക്കാലയില്‍ വീട്ടില്‍ അരുണ്‍ ബാബു (35), സഹോദരന് സുബിന് ബാബു (32), തിരുവനന്തപുരം അട്ടക്കുളങ്ങര സ്വദേശി ഷഫീക് (39), മുട്ടത്തറ സ്വദേശി അരുണ്‍കുമാര്‍ (35) എന്നിവരാണ് പിടിയിലായത്. കവര്‍ച്ച ആസൂത്രണം ചെയ്ത ചോഴിയക്കോട് സ്വദേശി ഷമീര്‍ വിദേശത്തേക്ക് കടന്നതായി സൂചന. തൃശൂര്‍ മുള്ളൂര്‍ക്കര സ്വദേശിയായ റസീജ് കഴിഞ്ഞ മാസം ഒമ്പതിന് ദുബൈയില്‍ നിന്നും നെടുമ്പാശേരി വിമാനത്താവളം വഴി നാട്ടിലെത്തിയപ്പോള്‍ 300 ഗ്രാം വീതം തൂക്കം വരുന്ന മൂന്നു സ്വര്‍ണകട്ടികള്‍ കൊണ്ടുവന്നിരുന്നു.
വീട്ടില്‍ സൂക്ഷിച്ച സ്വര്‍ണ്ണം വിൽക്കാന് വിദേശത്ത് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സുബിന് ബാബുവിനോടു സഹായം ആവശ്യപ്പെട്ടു. ഇദ്ദേഹത്തിന്റെ ഉറപ്പിന്മേല് കുളത്തുപ്പുഴയില്‍ എത്തിയ പരാതിക്കാരന് പക്ഷേ ആദ്യ വരവില്‍ സ്വർണം വില്ക്കാന് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ 30നു സുബിന് ബാബുവിന്റെ നിര്‍ദേശ പ്രകാരം റസീജ് കുടുംബസമേതം മൈലമൂട്ടിലെ വീട്ടിലെത്തി. സ്വര്‍ണത്തില്‍ 300 ഗ്രാം കടയ്ക്കലിലെ ജുവലറിയില്‍ വിറ്റു. പണവും ബാക്കി സ്വര്‍ണവുമായി മടങ്ങിയെത്തി വീട്ടില്‍ വിശ്രമിക്കുന്നതിനിടെ ക്വട്ടേഷന്‍ സംഘം വീട്ടിനുള്ളില്‍ അതിക്രമിച്ച് കടന്ന് കവച്ച നടത്തിയതെന്ന് കുളത്തൂപ്പുഴ പൊലീസ് പറഞ്ഞു.


