വീട്ടുപുരയിടത്തിലെത്തിയ രാജവെമ്പാലയെ വനത്തില്‍ വിട്ടയച്ചു
text_fieldsകുളത്തൂപ്പുഴ: ജനവാസ മേഖലയില്‍ വീടിനു പിന്നിലായി അടുക്കിയിരുന്ന വിറക് കൂട്ടത്തിലെത്തിയ കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി. കുളത്തൂപ്പുഴ ആറ്റിനു കിഴക്കേക്കര ആമക്കുളം ചതുപ്പില്‍ വീട്ടില്‍ ജോർജിന്റെ പുരയിടത്തിലാണ് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ വീട്ടുകാര്‍ രാജവെമ്പാലയെ കണ്ടത്. വിറക് മൂടിയിരുന്ന പ്ലാസ്റ്റിക് ഷീറ്റിനടിയിലേക്ക് കടന്ന പാമ്പ് വിറകിനു മുകളിലായി വട്ടംചുറ്റി ഇരിപ്പുറപ്പിച്ചു. വീട്ടുകാര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും തെന്മല റെയിഞ്ച് റാപ്പിഡ് റെസ്പോണ്‍സ് ടീം സ്ഥലത്തെത്തുകയും ചെയ്തു.
ആര്.ആര്.ടി അംഗം വി. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ഏറെ ശ്രമപ്പെട്ടാണ് പാമ്പിനെ പിടികൂടിയത്. സെക്ഷന്‍ ഫോറസ്റ്റര്‍ അരുണ്‍, ബീറ്റ് ഫോറസ്റ്റര്‍ ശ്യാം തുടങ്ങിയവരും സഹായത്തിനെത്തി. ശേഷം പിടികൂടിയ പാമ്പിനെ ശെന്തുരുണി വനമേഖലയിലെത്തിച്ച് തുറന്നുവിട്ടു.


