മരം വീണ് തകര്‍ന്ന ഹാങിങ് ഫെൻസ് പുനഃസ്ഥാപിക്കാന്‍ നടപടിയില്ല
text_fieldsമരം കടപുഴകി വീണ് തകര്‍ന്ന ഹാങിങ് ഫെന്‍സിങ് ഇനിയും അറ്റകുറ്റപണി നടത്താതെ ഉപേക്ഷിച്ച നിലയില്‍
കുളത്തൂപ്പുഴ: ആഴ്ചകള്‍ക്ക് മുമ്പ് കിഴക്കന്‍ മലയോര മേഖലയില്‍ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും പാതയോരത്ത് നിന്നിരുന്ന മരം കടപുഴകി വീണ് തകര്‍ന്ന തൂങ്ങിക്കിടക്കുന്ന സൗരോർജ വേലി (ഹാങിങ് ഫെൻസ്) പ്രവര്‍ത്തന സജ്ജമാക്കാന്‍ ഇനിയും അധികൃതരുടെ ഭാഗത്തു നിന്നും നടപടിയില്ല. തകര്‍ന്ന സൗരോർജ വേലി അറ്റകുറ്റ പണി നടത്തി പ്രവര്‍ത്തന സജ്ജമാക്കാന്‍ ആരെ ബന്ധപ്പെടണമെന്ന് അറിയാതെ നാട്ടുകാര്‍.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ വനം വകുപ്പ് മന്ത്രിയാണ് ‘വനാവരണം പദ്ധതി’ ഉദ്ഘാടനം ചെയ്തത്. കുളത്തൂപ്പുഴ പഞ്ചായത്തിലെ അമ്പലക്കടവ് മുതല്‍ അമ്പതേക്കര്‍ പാതയോരത്തു കൂടി 54 ലക്ഷം രൂപ മുടക്കിയാണ് ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തില്‍ ഹാങിങ് ഫെന്‍സിങ് സ്ഥാപിച്ചത്. അമ്പതേക്കര്‍ ഗ്രാമത്തിലേക്കും വില്ലുമല, കുളമ്പി, രണ്ടാംമൈല്‍ തുടങ്ങിയ ആദിവാസി സങ്കേതങ്ങളിലടക്കമുള്ള നൂറുകണക്കിനു കുടംബങ്ങള്‍ക്കുള്ള ഏക യാത്രമാർഗമാണ് അമ്പതേക്കര്‍ വനപാത.
ഇക്കഴിഞ്ഞ ജൂണ്‍ മാസം ആദ്യവാരത്തില്‍ പ്രദേശത്ത് വീശിയടിച്ച ശക്തമായ കാറ്റില്‍ പാതയോരത്ത് നിന്നിരുന്ന കൂറ്റന്‍ അകേഷ്യാ മരം കടപുഴകി പാതക്ക് കുറുകെ വൈദ്യുതി ലൈന്‍ തകര്‍ത്തുകൊണ്ട് വീണത് ഈ വേലിക്കു മുകളിലേക്കായിരുന്നു. ഇതോടെ വേലി സ്ഥാപിച്ചിരുന്ന ഇരുമ്പ് തൂണുകളും വൈദ്യുതി കടന്നുപോകുന്ന കമ്പികളും മീറ്ററുകളോളം നീളത്തില്‍ പൊട്ടി തകര്‍ന്നു.
വനത്തില്‍ ആനകളുടെയും കാട്ടുപോത്തുകളുടെയും കാട്ടുപന്നിയടക്കം മറ്റു മൃഗങ്ങളുടെയും സാന്നിധ്യമുള്ളതിനാലും കഴിഞ്ഞ ദിവസങ്ങളില്‍ പൊട്ടി തകര്‍ന്ന സൗരോര്‍ജ്ജ വേലിക്ക് സമീപവും വനപാതയിലും കാട്ടാനക്കൂട്ടത്തെ കാണുകയും ചെയ്തതോടെ പ്രദേശവാസികള്‍ ഭീതിയോടെയാണ് ഇതുവഴി കടന്നു പോകുന്നത്. അറ്റകുറ്റ പണി സംബന്ധിച്ച് അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ വനാവരണം പദ്ധതി പ്രകാരം തൂങ്ങികിടക്കുന്ന സൗരോര്‍ജ്ജ വേലി സ്ഥാപിക്കാന്‍ മാത്രമാണ് തുക അനുവദിച്ചതെന്നും വേലിയുടെ തുടര്‍ സംരക്ഷണത്തിന് നിലവില്‍ പദ്ധതികളൊന്നുമില്ലെന്നും വ്യക്തമാക്കുകയായിരുന്നു.
വനാവരണം പദ്ധതി ഉദ്ഘാടനം ചെയ്ത വനം വകുപ്പിനോ, പദ്ധതിക്കായി തുക വകയിരുത്തിയ ത്രിതല പഞ്ചായത്തുകള്‍ക്കോ തുടര്‍പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് യാതൊരു ഉത്തരവാദിത്വവും ഇല്ലായെന്നു വ്യക്തമാക്കിയതോടെ ലക്ഷങ്ങള്‍ മുടക്കി കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ ഹാങ്ങിങ് ഫെന്‍സിങിന്റെ അറ്റകുറ്റപണിക്ക് ആരെ ബന്ധപ്പെടണമെന്നറിയാത്ത അവസ്ഥയിലായി നാട്ടുകാര്‍.