ഹാംഗിങ് സൗരോര്‍ജവേലിയിൽ അറ്റകുറ്റപ്പണി നടത്തി
text_fieldsകുളത്തൂപ്പുഴ: വനാവരണം പദ്ധതി പ്രകാരം കുളത്തൂപ്പുഴയില്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഒരു വര്‍ഷമെത്തുന്നതിനു മുമ്പ് തകര്‍ന്ന ഹാംഗിങ് സൗരോര്‍ജ വേലി അറ്റകുറ്റപ്പണി നടത്തി പുനഃസ്ഥാപിച്ചു. വിഷയത്തിൽ കഴിഞ്ഞദിവസം ‘മാധ്യമം’ വാര്‍ത്ത നൽകിയിരുന്നു.വാര്‍ത്ത ശ്രദ്ധയില്‍പെട്ട പി.എസ്. സുപാല്‍ എം.എൽ.എ ബ്ലോക്ക് പഞ്ചായത്ത് അധികൃതരുമായും കരാറുകാരുമായും ബന്ധപ്പെടുകയും അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി വൈദ്യുതിവേലി പ്രവര്‍ത്തന സജ്ജമാക്കണമെന്ന് ആവശ്യപ്പെട്ടു.
കരാറുകാര്‍ സ്ഥലത്തെത്തി പൊട്ടിക്കിടന്ന കമ്പിവേലി അറ്റകുറ്റപ്പണി നടത്തി പൂര്‍വസ്ഥിതിയിലാക്കി പ്രവര്ത്തനസജ്ജമാക്കുകയുമായിരുന്നു. വനാവരണം പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് മനുഷ്യ-വന്യജീവി സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന കുളത്തൂപ്പുഴ, തെന്മല, ആര്യങ്കാവ് പഞ്ചായത്ത് പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുമെന്നും പദ്ധതി സംബന്ധിച്ച് നാട്ടുകാരുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തുമെന്നും അറിയിച്ചു. പദ്ധതി പ്രകാരം സ്ഥാപിച്ച സൗരോര്‍ജ വേലിയുടെ തുടര്‍സംരക്ഷണം ഉറപ്പാക്കുന്നതിനാവശ്യമായ നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.