Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKulathupuzhachevron_rightഎസ്.ഐ.ആര്‍;...

എസ്.ഐ.ആര്‍; മേലുദ്യോഗരുടെ സമ്മര്‍ദം താങ്ങാനാവാതെ ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍

text_fields
bookmark_border
എസ്.ഐ.ആര്‍; മേലുദ്യോഗരുടെ സമ്മര്‍ദം താങ്ങാനാവാതെ ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍
cancel

കുളത്തൂപ്പുഴ: സമഗ്ര വോട്ടര്‍പട്ടിക ശുദ്ധീകരണത്തിന്‍റെ ഭാഗമായി നടത്തുന്ന വിവരശേഖരണത്തിന്‍റെ പേരില്‍ ഓരോ ദിവസവും മേലുദ്യോഗസ്ഥര്‍ നല്‍കുന്ന സമ്മര്‍ദം താങ്ങാനാവാതെ ബൂത്ത് ലെവൽ ഓഫീസര്‍മാര്‍ പ്രതിസന്ധിയില്‍. കിഴക്കന്‍ മലയോരമേഖലയിലെ കുളത്തൂപ്പുഴ, തിങ്കള്‍ക്കരിക്കം പ്രദേശങ്ങളിലെ ബി.എല്‍.ഒമാര്‍ക്ക് തോട്ടംമേഖലകളും കുന്നുംമലയും കടന്നുള്ള കോളനിപ്രദേശങ്ങളും മറ്റുമായി എട്ടുംപത്തും കിലോമീറ്ററുകളുടെ ചുറ്റളവിലുള്ള സ്ഥലങ്ങളാണ് പ്രവര്‍ത്തന മേഖലകളായി ലഭിച്ചിട്ടുള്ളത്.

പ്രദേശത്ത് നിയോഗിച്ചിട്ടുള്ള ഭൂരിഭാഗം ബി.എല്‍.ഒമാരും വനിതകളായതിനാല്‍ ഇത്തരം പ്രദേശങ്ങളില്‍ ഒറ്റക്ക് ചെന്നെത്തുന്നതിന് ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ കൈയില്‍നിന്നും പണംനല്‍കി സഹായികളെയും കൂട്ടിയാണ് പലരും വിവര ശേഖരണത്തിനായിറങ്ങുന്നത്. കുന്നുംമലയും താണ്ടിയുള്ള യാത്രാ ക്ലേശത്തിന് പുറമെ വീടുകളിലെത്തുമ്പോള്‍ വീട്ടുകാരില്ലാത്തതും നായകളുടെ ശല്യവും മിക്കവരെയും ഭയപ്പാടിലാക്കിയിട്ടുണ്ട്. തലനാരിഴക്കാണ് പലരും നായകളുടെ കടിയേല്‍ക്കാതെ രക്ഷപെട്ടെത്തുന്നത്.

വനത്തിനകത്തും മറ്റുമുള്ള കോളനി പ്രദേശങ്ങളില്‍ ഓട്ടോ വിളിച്ചും മറ്റുമെത്തുമ്പോള്‍ ഭൂരിഭാഗം വീട്ടുകാരും തൊഴില്‍ തേടിപോയിട്ടുണ്ടാകും. ആനയുടെയും കാട്ടുപോത്തുകളുടെയും നിരന്തര ശല്യമുള്ള പ്രദേശത്ത് രാത്രിയിലെത്തി ഫോമുകള്‍ വിതരണം ചെയ്യാന്‍ കഴിയില്ലെന്നുള്ളതും വസ്തുതയാണ്. ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കെ തങ്ങളുടെ കൈവശമുള്ള വിവരശേഖരണ ഫോമുകള്‍ അടിയന്തരമായി വിതരണം ചെയ്തുതീര്‍ക്കണമെന്ന ഉദ്യോഗസ്ഥരുടെ നിര്‍ദേശം ബി.എല്‍.ഒമാരെ ഏറെ സമ്മര്‍ദത്തിലാഴ്തിയിരിക്കുകയാണ്.

രണ്ടും മൂന്നും തവണ ഒരേസ്ഥലത്തെത്തിയിട്ടും താമസക്കാരെ കാണാനാവാതെ മടങ്ങേണ്ട അവസ്ഥയാണെന്നും നാട്ടില്‍നിന്നും ജോലിക്കായി താമസം മാറിപോയവരെയും വിവാഹം കഴിച്ചുപോയവരെയും മറ്റും ബന്ധപ്പെടാനോ കണ്ടുപിടിക്കാനോ ആവാത്ത സ്ഥിതിയാണെന്നും ബി.എല്‍.ഒ മാര്‍ പരിതപിക്കുന്നു. എന്യൂമറേഷന്‍ ഫോം വിതരണം നൂറു ശതമാനമാക്കണമെന്ന നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ തിരക്കിട്ട് വിതരണം ചെയ്യുന്ന ഫോമുകള്‍ തിരിച്ചുവാങ്ങി വിവരങ്ങള്‍ ശേഖരിക്കുന്നതിന് ഇതിനേക്കാള്‍ കൂടുതല്‍ കഷ്ടപ്പെടേണ്ടിവരുമെന്നതും പ്രതിസന്ധിയാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

Show Full Article
TAGS:SIR Booth level officer work pressure superiors 
News Summary - SIR; Booth level officers unable to bear pressure from superiors
Next Story