തെരുവുനായ നിയന്ത്രണവും പുനരധിവാസ കേന്ദ്രവും; പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചു
text_fieldsകുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് ഓഫിസ് കവാടത്തിനു മുന്നില്‍ കൂട്ടംകൂടിയ തെരുവുനായക്കൂട്ടം
കുളത്തൂപ്പുഴ: വധിച്ചുവരുന്ന തെരുവുനായ ശല്യത്തിന് പരിഹാരമായി ജില്ല പഞ്ചായത്ത് സഹകരണത്തോടെ ഗ്രാമപഞ്ചായത്ത് പ്രഖ്യാപിച്ച തെരുവുനായ നിയന്ത്രണവും പുനരധിവാസ കേന്ദ്രവും പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇനിയും പ്രാവര്‍ത്തികമായില്ല. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് 2018-19 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിച്ച തെരുവുനായ വന്ധ്യംകരണവും പുനരധിവാസ കേന്ദ്രവും പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ പുനരധിവാസ കേന്ദ്രത്തിനായി കല്ലുവെട്ടാംകുഴിയിലെ പൊതുശ്മശാനത്തിനോട് ചേര്‍ന്ന് കെട്ടിടം നിർമിച്ചുവെങ്കിലും തുടര്‍ നടപടികള്‍ ഒന്നുമുണ്ടായില്ല.
പഞ്ചായത്ത് പ്രദേശത്ത് അലഞ്ഞുതിരിയുന്ന തെരുവുനായകളെ പിടികൂടി വന്ധ്യംകരണം നടത്തി ഒരാഴ്ചയോളം പുനരധിവാസ കേന്ദ്രത്തില്‍ പാര്‍പ്പിച്ച് സംരക്ഷിച്ച ശേഷം തനതു ആവാസ വ്യവസ്ഥയിലേക്ക് മടക്കി അയക്കുക വഴി വംശ വർധനവ് നിയന്ത്രിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍, കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കി കരാറുകാരന് തുകയും വാങ്ങി പോയതല്ലാതെ പദ്ധതി പൂര്‍ത്തീകരിക്കുന്നതിനുള്ള ഒരു തുടര്‍നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല.
ഗ്രാമവീഥികളില്‍ ഭീതി വിതച്ച് സംഘങ്ങളായി എത്തുന്ന തെരുവുനായക്കൂട്ടങ്ങളെ ഭയന്ന് വഴിനടക്കാനാവാതെ പൊതുജനം പൊറുതിമുട്ടിയിരിക്കുകയാണ്. ഗ്രാമപ്രദേശങ്ങളിലും കുളത്തൂപ്പുഴ ടൗണിലടക്കം പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ തെരുവുനായകളുടെ വിളയാട്ടമാണ്.
സംഘം ചേര്‍ന്ന് കടിപിടികൂടി നിരത്തുകളിലേക്ക് ഓടിയിറങ്ങുന്ന നായകള്‍ വിദ്യാര്‍ഥികള്‍ക്കും വഴി യാത്രക്കാര്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും ഭീഷണിയാവുന്നുണ്ട്. സന്ധ്യമയങ്ങിയാല്‍ കുളത്തൂപ്പുഴ ടൗണിലൂടെ പോലും കാല്‍നട യാത്രികര്‍ക്ക് നടന്നുപോകാനാവാത്ത സ്ഥിതിവിശേഷമാണ്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ കുളത്തൂപ്പുഴ മേഖലയില്‍ മാത്രം നിരവധി പേര്‍ക്കാണ് തെരുവുനായകളുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഓരോ വര്‍ഷവും ബജറ്റ് പ്രഖ്യാപന വേളയില്‍ തെരുവുനായ നിയന്ത്രണം സംബന്ധിച്ച് പ്രഖ്യാപനങ്ങളുണ്ടാകുമെങ്കിലും ഇക്കാലമത്രയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നതാണ് വസ്തുത.
പൊതുജനത്തിന്റെ നികുതി പണമുപയോഗിച്ച് കാടിന് നടുവില്‍ കെട്ടിടം നിര്‍മിച്ച് പാമ്പുവളര്‍ത്തല്‍ കേന്ദ്രമാക്കി പാതിവഴിയിലുപേക്ഷിച്ച തെരുവുനായ് നിയന്ത്രണ പദ്ധതി അടിയന്തിരമായി പൂര്‍ത്തിയാക്കി പൊതുജനങ്ങളുടെ സ്വൈര ജീവിതത്തിനു സംരക്ഷണം ഉറപ്പാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.