കാർ പാതയോരത്തെ മരത്തിലേക്ക് ഇടിച്ചുകയറി
text_fieldsഅന്തർസംസ്ഥാന പാതയില്‍ നിയന്ത്രണംവിട്ട കാര്‍ മരത്തിലേക്കിടിച്ചുകയറിയ നിലയില്‍
കുളത്തൂപ്പുഴ: തിരുവനന്തപുരം-ചെങ്കോട്ട അന്തർ സംസ്ഥാന പാതയില്‍ നിയന്ത്രണംവിട്ട കാർ പാതയോരത്തെ മരത്തിലേക്ക് ഇടിച്ചുകയറി. കുളത്തൂപ്പുഴ കൂവക്കാട് കവലക്ക് സമീപമായിരുന്നു അപകടം.തെങ്കാശി സ്വദേശികളായ മുഹമ്മദ് ഇസ്മയില്‍, ഡ്രൈവര്‍ അബൂബക്കര്‍ സിദ്ധീഖ് എന്നവരാണ് കാറിലുണ്ടായിരുന്നത്.
തെങ്കാശിയില്‍ നിന്നും തിരുവനന്തപുരത്തക്കുള്ള യാത്രക്കിടെ കൂവക്കാട് കവല കഴിഞ്ഞുള്ള വളവുതിരിഞ്ഞുവരവെ അപ്രതീക്ഷിതമായി റോഡിലേക്ക് ഓടിക്കയറിയ നായക്കൂട്ടത്തെ ഇടിക്കാതിരിക്കാനായി വെട്ടിക്കവെ നിയന്ത്രണംവിട്ട് എതിര്‍വശത്തേക്ക് നീങ്ങിയ കാര്‍ പാതയോരത്തെ മരത്തിലിടിക്കുകയായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന മുഹമ്മദ് ഇസ്മയിലിന്‍റെ ഭാര്യയുടെ അടുത്തേക്ക് പോവുകയായിരുന്നു ഇരുവരും. സീറ്റുബല്‍ട്ട് ഇട്ടിരുന്നതിനാലും യഥാസമയം എയര്‍ബാഗ് പ്രവര്‍ത്തിച്ചതിനാലും ഇരുവരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ കാറിന്‍റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു.


