ചോഴിയക്കോട് നിരവധി സ്ഥലങ്ങളില്‍ മോഷണം; ആശങ്കയില്‍ നാട്ടുകാരും വ്യാപാരികളും
text_fieldsചോഴിയക്കോട് കവലയില്‍ കഴിഞ്ഞ ദിവസം മോഷണം നടന്ന സ്ഥലത്ത് വിരലടയാള വിദഗ്ധര്‍ തെളിവുകള്‍ ശേഖരിക്കുന്നു
കുളത്തൂപ്പുഴ: കഴിഞ്ഞ രാത്രിയില്‍ ചോഴിയക്കോട് ടൗണിലും പരിസര പ്രദേശങ്ങളിലും നിരവധി സ്ഥലത്ത് മോഷണം. ആരാധാനാലയങ്ങളിലും വ്യാപാര ശാലകളിലും മോഷണം നടന്നതോടെ നാട്ടുകാരും വ്യാപാരികളും ആശങ്കയില്‍. ചോഴിയക്കോട് കവലയില്‍ മലയോര ഹൈവേ ഓരത്തായുള്ള മലങ്കര കത്തോലിക്ക ദേവാലയത്തിലും, എതിര്‍വശത്ത് മില്‍പാലം ശിവക്ഷേത്രം വക കാണിക്കവഞ്ചിയും, തൊട്ടടുത്തായുള്ള പച്ചക്കറി കടയും, മീറ്ററുകള്‍ അകലെ എസ്.എന്‍.ഡി.പി ശാഖാ ഗുരുമന്ദിരത്തിലുമാണ് മോഷണം നടന്നത്.
ഗുരുമന്ദിരത്തിന്റെ കതക് തുറന്നു കിടക്കുന്നത് കണ്ട് നാട്ടുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കുളത്തൂപ്പുഴ പൊലീസ് സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയപ്പോഴാണ് സമീപത്തായി മറ്റുള്ള സ്ഥലങ്ങളിലും കവര്‍ച്ച നടന്നതായി കണ്ടെത്തുന്നത്. എല്ലായിടത്തും മേശകളും അലമാരകളും തകര്‍ത്താണ് പണം കവര്‍ന്നത്. വിരലടയാള വിദഗ്ധരുടെയും ഡോഗ് സ്ക്വാഡിന്റെയും സഹായത്തോടെ പൊലീസ് തെളിവുകള്‍ ശേഖരിച്ചു.
സമീപത്തെ വ്യാപാര ശാലയിലെ നിരീക്ഷണ കാമറ ദൃശ്യങ്ങളില്‍നിന്ന് രണ്ടുപേര്‍ കാണിക്കവഞ്ചിയുടെ പൂട്ട് തല്ലി തകര്‍ക്കുന്നതും സമീപത്തെ കടയിലേക്ക് കയറുന്നതുമായുള്ള വിവരങ്ങള്‍ ലഭിക്കുകയും ചെയ്തു. നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ ശേഖരിച്ച് വിശകലനം ചെയ്ത പൊലീസിന് മോഷ്ടാക്കളെ സംബന്ധിച്ച സൂചന ലഭ്യമായതായും സൂചനയുണ്ട്. കേസെടുത്ത കുളത്തൂപ്പുഴ പൊലീസ് പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചു.
രാത്രി വൈകുവോളം പൊതുജനങ്ങളുടെ സാന്നിധ്യമുള്ളതും നിരന്തരം വാഹനങ്ങള്‍ കടന്നുപോകുന്നതുമായ പ്രദേശത്ത് അടുത്തടുത്തായി കവര്‍ച്ച നടത്തിയതിനു പിന്നില്‍ പ്രദേശത്തെ കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണെന്നും അതിനാല്‍ തന്നെ പ്രദേശത്ത് രാത്രികാല പൊലീസ് നിരീക്ഷണം കൂടുതല്‍ ശക്തമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.


