പ്രണയാഭ്യര്‍ഥന നിരസിച്ച വിദ്യാര്‍ഥിനിയെ പെട്രോളൊഴിച്ച് കത്തിക്കുമെന്ന് ഭീഷണി; രണ്ടുപേർ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ പ്രതികൾ
കുളത്തൂപ്പുഴ: പ്രണയാഭ്യര്‍ഥന നിരസിച്ച സ്കൂള്‍ വിദ്യാര്‍ഥിനിയെ പെട്രോളൊഴിച്ച് കത്തിച്ചു കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേർ അറസ്റ്റിൽ. കുളത്തൂപ്പുഴ നെടുവന്നൂര്‍ക്കടവ് ശ്രീജിത് ഭവനില്‍ ശ്രീജിത്ത് (21), സുഹൃത്തും ഓട്ടോ ഡ്രൈവറുമായ നെടുവന്നൂര്‍ക്കടവ് മഹേഷ് ഭവനില്‍ മഹേഷ് (26) എന്നിവരെയാണ് പോക്സോ നിയമപ്രകാരം കുളത്തൂപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ശ്രീജിത്തിന്റെ പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് ഇയാള്‍ നിരന്തരം പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നു. ഏതാനും ദിവസം മുമ്പ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് മാതാവിന്റെ പരാതിയില്‍ കുളത്തൂപ്പുഴ പൊലീസ് താക്കീത് നല്കി ശ്രീജിത്തിനെ വിട്ടയച്ചിരുന്നു.
കഴിഞ്ഞ ദിവസം മാതാവിനൊപ്പമെത്തിയ പെണ്‍കുട്ടിയെ മഹേഷിനൊപ്പമെത്തിയ ശ്രീജിത്ത് ടൗണില്‍ ആക്രമിക്കാന്‍ ശ്രമിക്കുകയും പെട്രോളൊഴിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വാക്കു തര്‍ക്കവുമുണ്ടായി. പൊലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയില്‍നിന്ന് കുപ്പിയില്‍ നിറച്ച് സൂക്ഷിച്ചിരുന്ന പെട്രോള്‍ കണ്ടെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.