'വനാവരണം' പദ്ധതി പാളി; വന്യമൃഗങ്ങളെ ഭയന്ന് കുളത്തൂപ്പുഴ നിവാസികൾ
text_fieldsവനാവരണം പദ്ധതിയിൽ സ്ഥാപിച്ച വൈദ്യുതി വേലി കാട്ടാന ചവിട്ടി നശിപ്പിച്ചനിലയിൽ
കുളത്തൂപ്പുഴ: വന്യമൃഗങ്ങൾ ജനവാസമേഖലയിൽ എത്തുന്നതു തടയാൻ കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കിയ ‘വനാവരണം’ പദ്ധതി പാളി. വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശത്ത് കാട്ടുമൃഗങ്ങളും മനുഷ്യരും തമ്മിലുണ്ടാവുന്ന സംഘര്‍ഷം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാര്‍ വനാവരണം പദ്ധതി നടപ്പാക്കിയത്. പദ്ധതി പ്രകാരം ത്രിതല പഞ്ചായത്തുകള്‍ സംയുക്തമായി 55 ലക്ഷം രൂപ ചെലവഴിച്ച് അമ്പതേക്കര്‍ വനപാതയില്‍ ഹാംഗിങ് ഫെന്‍സിങ് (തൂങ്ങികിടക്കുന്ന വൈദ്യുതി വേലി) സ്ഥാപിച്ചു. ഇത് നിർമാണം പൂർത്തിയാക്കി വര്ഷമൊന്നാകുംമുന്നേ തകര്‍ന്ന അവസ്ഥയാണ്.
2023 നവംബറില്‍ മന്ത്രി എ.കെ. ശശീന്ദ്രന് കുളത്തൂപ്പുഴ വില്ലുമലയിലെത്തിയാണ് പദ്ധതി പ്രഖ്യാപനം നടത്തിയത്. പൊതുജനങ്ങളുടെ സുരക്ഷക്ക് ഏറ്റവും ഫലപ്രദമാകുമെന്ന് പറഞ്ഞ ഹാംഗിങ് ഫെന്‍സിങിന്റെ അറ്റകുറ്റപണി നിര്‍മാണ കമ്പനിക്ക് തന്നെയാണെന്നും വര്‍ഷങ്ങളോളം ഇതിന്റെ പ്രയോജനം നാട്ടുകാര്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ 2024 ഏപ്രിലില്‍ നിർമാണം പൂര്‍ത്തിയാക്കിയ വൈദ്യുതി വേലി മാസങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തന രഹിതമായി.
വേലിയിലേക്ക് വൈദ്യുതി എത്തിക്കുന്ന സൗരോര്‍ജ്ജ പാനലും അനുബന്ധ ഘടകങ്ങളും തകരാറിലായി. ഇതോടെ വെറും കമ്പി വേലി മാത്രമായ വൈദ്യുതി വേലി കാട്ടുമൃഗങ്ങള്‍ തകര്‍ത്തു. പകല്‍ കാട്ടുമൃഗങ്ങള്‍ വേലിമറികടന്ന് വനപാതയിലേക്കും വാഹനങ്ങള്‍ക്ക് പിന്നാലെ ജനവാസ മേഖലയിലേക്കും എത്തിയതോടെയാണ് വേലിയില്‍ വൈദ്യുതിയെത്തുന്നില്ലെന്ന വിവരം നാട്ടുകാര്‍ തിരിച്ചറിയുന്നത്.
തകരാര്‍ സംബന്ധിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചപ്പോൾ വനാവരണം പദ്ധതി തങ്ങളുടേതല്ല എന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് പദ്ധതിക്കായി തുക വകയിരുത്തിയ ഗ്രാമപഞ്ചായത്ത് അധികൃതരെ നാട്ടുകാർ സമീപിച്ചു. വൈദ്യുതി വേലിയുടെ നടത്തിപ്പ് ചുമതല തങ്ങള്‍ക്കല്ലെന്ന മറുപടിയാണ് അവർ നൽകിയത്.
ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥരും വ്യക്തമായ മറുപടി നൽകാതെ ഒഴിഞ്ഞു മാറുകയായിരുന്നുവത്രെ. ഇതിനിടെ പദ്ധതിക്കായി മുന്‍കൈയെടുത്ത് പ്രവര്‍ത്തിച്ച സ്ഥലം എം.എല്‍.എയോട് ഗ്രാമപഞ്ചായത്ത് നാട്ടുകാരുടെ ആവലാതി അറിയിക്കുകയും കരാറുകാരനെ ബന്ധപ്പെട്ട് നടപടിയുണ്ടാക്കാമെന്നറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ആഴ്ചകള്‍ കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. അതേസമയം, അമ്പതേക്കർ പാതയോരത്തെ കുട്ടി വനത്തിൽ നിലയുറപ്പിച്ചിട്ടുള്ള കാട്ടാനക്കൂട്ടവും കാട്ടുപോത്തുകളും ദിനേനെ നാട്ടുകാരുടെ നെഞ്ചിടിപ്പേറ്റുന്നുമുണ്ട്.