പാതയോരത്ത് മാലിന്യം തള്ളൽ: കാമറ സ്ഥാപിച്ച് നാട്ടുകാര്‍
text_fieldsകുളത്തൂപ്പുഴ: ദൈനംദിനം പാതയോരങ്ങളില്‍ മാലിന്യം തള്ളുന്നവരെ കൊണ്ട് വലഞ്ഞ നാട്ടുകാര്‍ പണം സ്വരൂപിച്ച് നിരീക്ഷണ കാമറ സ്ഥാപിച്ചു. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ ഇ.എസ്.എം കോളനി വാര്‍ഡിലെ നെടുവന്നൂര്‍ക്കടവ്-പൂമ്പാറ പ്രദേശവാസികളാണ് മാസങ്ങളായി തുടരുന്ന ദുരിതത്തിനെതിരെ സംഘടിച്ചത്.
പ്രദേശത്തേക്കുള്ള ഏക യാത്രാമാർഗ്ഗമായ പാതയോരത്തും പുഴയോരത്തും മാലിന്യം തള്ളുന്നത് നിരന്തരമായതോടെ ഗ്രാമപഞ്ചായത്തിലും പൊലീസിലും ഇവർ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
വനത്തോട് ചേര്‍ന്നുള്ള പ്രദേശത്ത് പുറമേ നിന്നുമെത്തിച്ച് ഉപേക്ഷിക്കുന്ന ഭക്ഷണ മാലിന്യമടക്കമുള്ളവയില് നിന്നും ഉയരുന്ന ദുര്‍ഗന്ധം നിമിത്തം വഴി നടക്കാന്‍ പോലുമാകാത്ത അവസ്ഥയാണ്. ഇത് കൂടാതെ അഴുകി പഴകിയ മാലിന്യം ഭക്ഷിക്കുന്നതിനെത്തുന്ന തെരുവ് നായ്ക്കളുടെയും കാട്ടുമൃഗങ്ങളുടെയും ആക്രമണങ്ങളിൽനിന്ന് പ്രദേശവാസികള്‍ കഷ്ടിച്ചാണ് രക്ഷപ്പെടുന്നത്.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഗ്രാമപഞ്ചായത്തംഗത്തിന്റെയും സാമൂഹിക പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പാതയോരത്തെ മാലിന്യം നീക്കം ചെയ്തു ശുചീകരിച്ച് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍, രാത്രി വീണ്ടും പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുന്നത് തുടര്‍ന്ന തോടെയാണ് നാട്ടുകാ കാമറ സ്ഥാപിച്ചത്.
വാർഡ് അംഗം മേഴ്സി ജോർജ്, ബ്ലോക്ക് പഞ്ചായത്തംഗം റെജി ഉമ്മൻ, മുൻ ജനപ്രതിനിധി സുകുമോൻ, വാർഡ് വികസന സമിതി കൺവീനർ റോയ് ഉമ്മൻ, പ്രദേശവാസികളായ ഗീത, സുമ, പ്രഭ, സിന്ധു, സരസു, ഓമന, രാധ, അനി, അജയൻ, വിജയം കുട്ടി, ഭാസ്കരൻ, രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് കാമറകള്‍ സ്ഥാപിച്ചത്.