ജനവാസ മേഖലയില്‍ കാട്ടുപോത്തുകൾ; ഭീതിയൊഴിയാതെ നാട്ടുകാര്‍
text_fieldsകഴിഞ്ഞദിവസം ചോഴിയക്കോട് മില്‍പ്പാലം പ്രദേശത്തെത്തിയ കാട്ടുപോത്തുകളുടെ കൂട്ടം
കുളത്തൂപ്പുഴ: പകലോ രാത്രിയോ എന്ന വ്യത്യാസമില്ലാതെ കാടിറങ്ങി ജനവാസ മേഖലയിലേക്ക് ഒറ്റക്കും കൂട്ടമായും കാട്ടുപോത്തുകളെത്തുന്നത് നിത്യമായതോടെ ഭീതി വിട്ടൊഴിയാതെ നാട്ടുകാര്‍. കുളത്തൂപ്പുഴ ടൗണില്‍ പോലും സന്ധ്യ മയങ്ങിയാല്‍ ഭീതിയോടെയാണ് പ്രദേശവാസികള്‍ പുറത്തിറങ്ങുന്നത്.
കഴിഞ്ഞദിവസം കുളത്തൂപ്പുഴ പതിനാറേക്കര്‍, അയ്യന്‍പിള്ള വളവ്, സിലോണ്‍ മുക്ക് എന്നിവിടങ്ങളില്‍ കാട്ടുപോത്തുകളെ നാട്ടുകാര്‍ കണ്ടിരുന്നു. യു.പി സ്കൂളിനു സമീപത്തെ കൃഷിയിടത്തില്‍ സന്ധ്യയോടെയെത്തിയ കാട്ടുപോത്തുകള്‍ മണിക്കൂറോളം പ്രദേശത്തുണ്ടായിരുന്നു. പതിനാറേക്കറില്‍ വീടിനു മുറ്റത്തെത്തിയ കാട്ടുപോത്തുകളുടെ ശബ്ദം കേട്ടതോടെ വീട്ടുകാര്‍ പുറത്തിറങ്ങാതെ രാത്രി മുഴുവന്‍ കഴിച്ചു കൂട്ടേണ്ട അവസ്ഥയായിരുന്നു. കഴിഞ്ഞദിവസം വൈകുന്നേരത്തോടെ കല്ലടയാര്‍ മറികടന്ന് ചോഴിയക്കോട് മിൽപ്പാലം പ്രദേശത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെത്തിയ ഇരുപതോളം വരുന്ന കാട്ടുപോത്തിൻകൂട്ടം പാതയോരത്ത് നിലയുറപ്പിച്ചത് നാട്ടുകാരുടെ നെഞ്ചിടിപ്പുയര്‍ത്തി. നാട്ടുകാര്‍ സംഘടിച്ച് ശബ്ദമുണ്ടാക്കിയെങ്കിലും കുട്ടികളടക്കമുള്ള കാട്ടുപോത്തുകള്‍ മടങ്ങാന്‍ കൂട്ടാക്കിയില്ല.
തുടര്‍ന്ന് കുഴത്തൂപ്പുഴ വനം റേഞ്ച് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. സെക്ഷൻ ഫോറസ്റ്റ് ഓഫിസര്‍ അശ്വതി, ടിനേഷ്, രോഹിണി തുടങ്ങിയവരുടെ നേതൃത്വത്തില്‍ വനപാലക സംഘം സ്ഥലത്തെത്തി പടക്കം പൊട്ടിച്ചും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കിയും മറ്റും ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പോത്തിൻകൂട്ടത്തെ കാട്ടിലേക്ക് കയറിയത്. പുലര്‍ച്ചെയും മറ്റും കാട്ടുപോത്തുകള്‍ പ്രദേശത്തേക്കെത്തുന്നതിനാല് രാവിലെ ജോലിക്കും റബ്ബര്‍ ടാപ്പിംഗിനും മറ്റും പോകുന്ന തൊഴിലാളികള്‍ ഭീതിയിലാണ്.
കാട്ടുമൃഗങ്ങള്‍ ജനവാസ മേഖലയിലേക്കെത്തുന്നത് നിയന്ത്രിക്കാന്‍ അടിയന്തരമായി വനംവകുപ്പ് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.