കുളത്തൂപ്പുഴയില്‍ ജനവാസ മേഖലയിൽ കാട്ടുപോത്തുകൾ
text_fieldsകുളത്തൂപ്പുഴ ടൗണിനു സമീപം പതിനാറേക്കറില്‍ കഴിഞ്ഞ ദിവസം എത്തിയ കാട്ടുപോത്ത് കൂട്ടം
കുളത്തൂപ്പുഴ: ജനവാസ മേഖലയിലേക്ക് കാട്ടുമൃഗങ്ങളെത്തുന്നത് പതിവായ കുളത്തൂപ്പുഴയില്‍ കഴിഞ്ഞ ദിവസം ടൗണിനു സമീപം കാട്ടുപോത്തു കൂട്ടമെത്തി മണിക്കൂറോളം നിലയുറപ്പിച്ചത് നാട്ടുകാരെ ഭീതിയിലാഴ്ത്തി.കുളത്തൂപ്പുഴ ടൗണിന് തൊട്ടടുത്ത് പതിനാറേക്കറിലെ ജനവാസ മേഖലയിലാണ് ഇരുപതോളം കാട്ടുപോത്തുകള്‍ കഴിഞ്ഞ ദിവസം ഉച്ചയോടെ എത്തിയത്. വീടുകള്‍ക്ക് പിന്നിലായി വനത്തിറമ്പില്‍ മണിക്കൂറുകളോളം കാട്ടുപോത്തുകൾ മേഞ്ഞുനടന്നു.
ഏതാനും ദിവസം മുമ്പ് സമീപത്തെ കളിക്കളത്തില്‍ വച്ച് പ്രദേശവാസിയായ യുവാവിനെ കാട്ടുപോത്ത് ആക്രമിച്ചിരുന്നു. നട്ടെല്ലിന് പരിക്കേറ്റ ഇയാൾ ചികിത്സയിലാണ്. രണ്ടുദിവസം മുമ്പ് മലയോര ഹൈവേയിലൂടെ വന്ന ജീപ്പില്‍ കാട്ടുപോത്ത് ഇടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ഗുരുതര പരിക്കേറ്റു.
ജനവാസ മേഖലയിലേക്ക് കാട്ടുമൃഗങ്ങള്‍ കടന്നെത്താതിരിക്കാന്‍ ആവശ്യമായ സംവിധാനങ്ങളും സംരക്ഷണവും ഒരുക്കണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല.നൂറുകണക്കിനു കുട്ടികള്‍ പഠിക്കുന്ന കുളത്തൂപ്പുഴ ഗവ. യു.പി സ്കൂളിന് 50 മീറ്റര്‍ മാത്രം അകലെയാണ് കഴിഞ്ഞ ദിവസം പകല്‍ കാട്ടുപോത്ത് കൂട്ടമായി എത്തിയതെന്നത് നാട്ടുകാരുടെ ഭീതി വർധിപ്പിക്കുകയാണ്.