കാടിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു
text_fieldsകഴിഞ്ഞരാത്രിയില്‍ കുളത്തൂപ്പുഴ പേരാന്കോവിലില് കാട്ടാനക്കൂട്ടം നശിപ്പിച്ച കൃഷിയിടം
കുളത്തൂപ്പുഴ: കാടിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപക കൃഷിനാശം വരുത്തി. വനാവരണം പദ്ധതി പ്രകാരം സ്ഥാപിച്ചിരുന്ന സൗരോര്‍ജവേലി പ്രവര്‍ത്തനരഹിതമായതോടെ ഇത് മറികടന്നാണ് വില്ലുമല ആദിവാസി സങ്കേതത്തിലെ പേരാന്കോവിലില് കഴിഞ്ഞരാത്രിയില്‍ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചത്. പേരാന്കോവിലില് സുബിവിലാസം വീട്ടില്‍ സുരേന്ദ്രന് കാണി, സുമിത് വിലാസത്തില്‍ ഓമന എന്നിവരുടെ പുരയിടത്തിലെ പത്തോളം തെങ്ങുകളും നിരവധി കവുങ്ങുകളും കുലവന്ന ഏത്തവാഴകളും മറ്റ് പച്ചക്കറി കൃഷികളും ഒറ്റരാത്രി കൊണ്ട് കാട്ടാനക്കൂട്ടം നാമാവശേഷമാക്കി.
കോളനിപ്രദേശത്തിന് ചുറ്റുമായി മുമ്പ് പ്രദേശത്ത് വനംവകുപ്പ് സ്ഥാപിച്ച സൗരോര്‍ജവേലി സമയാസമയങ്ങളില്‍ വേണ്ട അറ്റകുറ്റപ്പണികളും സംരക്ഷണവുമില്ലാതെ വന്നതോടെ അതെല്ലാം തുരുമ്പെടുത്തും കാട്ടുമൃഗങ്ങള്‍ ചവിട്ടിനശിപ്പിച്ചും നാശമായിരുന്നു. അതിനുശേഷം ഏതാനും മാസങ്ങള്‍ക്കുമുമ്പാണ് വീണ്ടും ജനവാസമേഖലക്കുചുറ്റുമായി സൗരോര്‍ജവേലി സ്ഥാപിച്ചത്. ഇവയും പ്രവര്‍ത്തനരഹിതമായതോടെയാണ് കാട്ടുമൃഗങ്ങള്‍ നിരന്തരം കൃഷിയിടത്തിലേക്കെത്തുന്നതെന്നും കര്‍ഷകര്‍ തങ്ങളുടെ നിലക്ക് വേലി കെട്ടിയിട്ടുണ്ടെങ്കിലും അവയൊന്നും കാട്ടാനയെയും കാട്ടുപോത്തുകളെയും പ്രതിരോധിക്കാനാവുന്നില്ലെന്നും ഇവര്‍ പറയുന്നു.