കാട്ടാനക്കൂട്ടമിറങ്ങി; വ്യാപക കൃഷിനാശം
text_fieldsകുളത്തൂപ്പുഴ ആറ്റിന് കിഴക്കേക്കര എംപോങ്ങില് കഴിഞ്ഞ രാത്രികളില്‍ കാട്ടാനക്കൂട്ടം കൃഷിനാശം വരുത്തിയ നിലയില്‍
കുളത്തൂപ്പുഴ: കാടിറങ്ങി ജനവാസമേഖലയിലെ കൃഷിയിടത്തിലേക്കെത്തിയ കാട്ടാനക്കൂട്ടം വ്യാപക കൃഷിനാശം വരുത്തി. കുളത്തൂപ്പുഴ കുമരംകരിക്കം ജോസ് വില്ലയില്‍ ജോസഫ് ഡേവിഡിന്റെ ഉടമസ്ഥതയില്‍ ആറ്റിനുകിഴക്കേക്കര എംപോങ്ങിലെ കൃഷിയിടത്തിലാണ് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി രാത്രിയില്‍ കാട്ടാനക്കൂട്ടമെത്തി കൃഷിനാശം വരുത്തിയത്. പാട്ടത്തിനെടുത്ത കൃഷിഭൂമിയില്‍ കടം വാങ്ങിയും വായ്പയെടുത്തും മാസങ്ങൾ അധ്വാനിച്ച് കൃഷിയിറക്കിയ ആയിരത്തിലധികം വാഴകളും തെങ്ങിന്‍തൈകളും കാട്ടാനക്കൂട്ടം നാമാവശേഷമാക്കി.
തിരുവനന്തപുരം വനം ഡിവിഷനില്‍പെട്ട കുളത്തൂപ്പുഴ റേഞ്ച് വനമേഖലയോട് ചേര്‍ന്ന ജനവാസമേഖലയില്‍ ഉള്‍പ്പെട്ട പ്രദേശത്ത് കൃഷി സംരക്ഷിക്കുന്നതിനായി വനംവകുപ്പിന്റെ സൗരോര്‍ജ വേലിയും കര്‍ഷകര്‍ സ്വന്തം നിലയില്‍ സ്ഥാപിച്ച വേലിയും മറികടന്നാണ് രാത്രിയില്‍ കാട്ടാനക്കൂട്ടം കൃഷിയിടത്തിലെത്തിയത്.
പുലരുവോളം കൃഷിയിടത്തില്‍ നിലയുറപ്പിച്ച് വാഴകളും തെങ്ങിന്‍തൈകളും നശിപ്പിച്ച കാട്ടാനക്കൂട്ടം നേരം പുലര്‍ന്ന ശേഷമാണ് സമീപത്തെ വനത്തിലേക്ക് മടങ്ങിയത്. ആദ്യദിനം പുലര്‍ച്ച മടങ്ങിയ കാട്ടാനകള്‍ രണ്ടാംദിനം രാത്രിയില്‍ വീണ്ടുമെത്തി ബാക്കിയുണ്ടായിരുന്ന വാഴകളും മറ്റ് കൃഷികളും നാമാവശേഷമാക്കി. കടം വാങ്ങിയും വായ്പയെടുത്തും ചെയ്യുന്ന കൃഷികള്‍ കാട്ടാനകളും കാട്ടുമൃഗങ്ങളും നിരന്തരം നശിപ്പിക്കുന്നതിനാല്‍ കൃഷി ഉപേക്ഷിക്കുകയല്ലാതെ മാര്‍ഗമില്ലെന്ന് പരിതപിക്കുകയാണ് കര്‍ഷകര്‍.