അമ്പതേക്കര്‍ പാതയില്‍ പകലും കാട്ടാനക്കൂട്ടം; ഭീതി വിട്ടൊഴിയാതെ നാട്ടുകാര്‍
text_fieldsഅമ്പതേക്കര്‍ പാതയില്‍ കഴിഞ്ഞ ദിവസമെത്തിയ കാട്ടാനക്കൂട്ടം
കുളത്തൂപ്പുഴ: അമ്പതേക്കര്‍ വനപാതയില്‍ പകല്‍ സമയത്തും കാട്ടാനക്കൂട്ടം നിലയുറപ്പിച്ചതോടെ നാട്ടുകാര്‍ ഭീതിയില്‍. ഒരാഴ്ചയിലധികമായി പ്രദേശത്ത് കാട്ടാനക്കൂട്ടത്തിന്‍റെ സാന്നിധ്യമുണ്ടായിരുന്നു. കഴിഞ്ഞദിവസം പുലര്‍ച്ചയോടെ വനംവകുപ്പിന്‍റെ സെന്‍ട്രല്‍ നഴ്സറി പരീക്ഷണ തോട്ടത്തിലൂടെ അമ്പതേക്കര്‍ പാതയോരത്ത് എത്തിയ കാട്ടാനകള്‍ ഇരുമ്പ് വേലി തകര്‍ത്ത് വനപാതയിലേക്കിറങ്ങി താഴ്വശത്തെ തേക്ക് പ്ലാന്‍റേഷനിലേക്ക് കടക്കാന്‍ ശ്രമിച്ചുവെങ്കിലും പ്രവര്‍ത്തന സജ്ജമായ ഹാംഗിങ് ഫെന്‍സിങ് ഉള്ളതിനാല്‍ കഴിയാതെ പാതയോരത്ത് നിലയുറപ്പിക്കുകയായിരുന്നു. ഇതിനിടെ പാതയിലൂടെ എത്തിയ വാഹന യാത്രികര്‍ ബഹളംവെച്ചതോടെ തിരികെ കുട്ടിവനത്തിലേക്ക് കടന്നുവെങ്കിലും പ്രദേശത്ത് തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്.
നാട്ടുകാര്‍ വിവരം നല്‍കിയതിന്‍റെ അടിസ്ഥാനത്തിലെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വെടിപൊട്ടിച്ച് ആനകളെ തുരത്താനായി ശ്രമിച്ചുവെങ്കിലും അധികം ദൂരേക്ക് പോകാതെ മൂന്ന് ആനകളുടെ സംഘം പ്രദേശത്ത് തന്നെയുള്ളതായി നാട്ടുകാര്‍ പറയുന്നു. രാത്രി വൈകിയും കാട്ടാനകള്‍ പാതയോരത്ത് തുടരുന്നത് നാട്ടുകാര്‍ക്കിടയില്‍ ഭീതി ജനിപ്പിച്ചിട്ടുണ്ട്.
രണ്ടുദിവസം മുമ്പ് രാത്രി എട്ടുമണിയോടെ കാട്ടാനകളിലൊന്ന് അമ്പതേക്കര്‍ പാലത്തിലൂടെ കടന്ന് ജനവാസ മേഖലക്കടുത്തും സൗരോര്‍ജ വേലി മറികടന്ന് വനത്തിലേക്ക് പോകുന്നത് പ്രദേശത്തുണ്ടായിരുന്ന യുവാക്കള്‍ കണ്ടിരുന്നു. ഇപ്പോള്‍ പ്രദേശത്തുള്ള കാട്ടാനകള്‍ രാത്രിയില്‍ ഇതുപോലെ പാതയിലേക്കിറങ്ങി അമ്പതേക്കര്‍ പാലത്തിലൂടെ ഇക്കരെയെത്തി സൗരോര്‍ജ വേലി മറികടക്കാന്‍ ശ്രമിച്ചാല്‍, പാതയില്‍ കാട്ടാനകള്‍ നില്‍ക്കുന്ന വിവരമറിയാതെ ഇരുചക്ര വാഹനത്തിലും ഓട്ടോറിക്ഷയിലുമായി എത്തുന്നവര്‍ അപകടത്തില്‍പെടാനുള്ള സാധ്യത ഏറെയാണെന്നുള്ളത് നാട്ടുകാരുടെ ഭീതി വർധിപ്പിക്കുന്നുണ്ട്. അടിയന്തരമായി പ്രദേശത്തുനിന്നും കാട്ടാനകളെ വനത്തിലേക്ക് തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


