ജനവാസ മേഖലയിലെത്തിയ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു
text_fieldsവില്ലുമല ആദിവാസി സങ്കേതത്തിലെത്തിയ കാട്ടാനക്കൂട്ടം തെങ്ങുകള്‍ മറിച്ചിട്ട നിലയില്‍
കുളത്തൂപ്പുഴ: വനംവകുപ്പിന്റെ സൗരോര്‍ജ വേലി മറികടന്ന് ജനവാസ മേഖലയിലെത്തിയ കാട്ടാനക്കൂട്ടം വ്യാപക കൃഷിനാശം വരുത്തി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ അമ്പതേക്കര്‍ ജനവാസമേഖലയോട് ചേര്‍ന്ന വില്ലുമല ആദിവാസി സങ്കേതത്തിലെത്തിയ കാട്ടാനക്കൂട്ടം പി.ടി. ഭവനില്‍ പി. തങ്കപ്പന് കാണിയുടെ പുരയിടത്തിലെ ഏഴോളം കായ്ഫലമുളള തെങ്ങുകളും കവുങ്ങുകളും മറിച്ചിട്ടു.
പുലര്‍ച്ചെ റബര്‍ ടാപ്പിങ്ങിനെത്തിയ തൊഴിലാളിയാണ് പുരയിടത്തില്‍ കാട്ടാന നില്‍ക്കുന്നത് കണ്ട് സമീപവാസികളെ വിവരമറിയിച്ചത്. ആളുകള്‍ സംഘടിച്ചെത്തി ശബ്ദമുണ്ടാക്കിയതോടെ സമീപത്തെ തേക്കു പ്ലാന്റേഷനിലേക്ക് കാട്ടാനകള്‍ കടന്നു. ആദിവാസി സങ്കേതത്തിനു ചുറ്റുമായി ലക്ഷങ്ങള്‍ മുടക്കി വനംവകുപ്പ് സ്ഥാപിച്ച സൗരോർജ വേലി മറികടന്നാണ് കാട്ടാനക്കൂട്ടമെത്തിയത്.