വെള്ളപ്പൊക്കത്തിൽ പാലം തകർന്നിട്ട് 30 വർഷം; ഏക ആശ്രയം കടത്തുവഞ്ചി; കൊന്നയിൽകടവ് പാലത്തിന് 41 കോടിയുടെ അനുമതി
text_fieldsകൊന്നയിൽ കടവിൽ പാലം വരുന്ന സ്ഥലം
കുണ്ടറ: മൺറോതുരുത്തിലെ കൊന്നയിൽ കടവ് പാലത്തിന്റെ പുതുക്കിയ ടെൻഡറിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. 48.9 ശതമാനം അധികരിച്ച യു .എൻ.സി.സി.എസ് ടെൻഡർ തുകയായ 41 കോടി രൂപ നൽകുന്നതിനാണ് മന്ത്രിസഭയുടെ അംഗീകാരം. കെ. സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കുമ്പോൾ ആദ്യമായി തുക അനുവദിച്ചിരുന്നു. റെയിൽവേയുടെയും മറ്റും തടസം മൂലം നിർമാണം നടന്നില്ല. പിന്നീട് എസ്റ്റിമേറ്റ് പുതുക്കുകയായിരുന്നു.
175 മീറ്റർ നീളവും, 10 മീറ്റർ വീതിയുമുള്ള പാലം 7 സ്പാനുകളിലായാണ് നിർമിക്കുന്നത്. മുപ്പത് വർഷം മുമ്പ് വെള്ളപ്പൊക്കത്തിൽ പാലം തകർന്ന് പോയതോടെ പ്രദേശത്തുകാർക്ക് ഏക ആശ്രയം കടത്തു വഞ്ചിയായിരുന്നു. കൊന്നയിൽ കടവിൽ പാലം എന്ന പെരുങ്ങാലത്തുകാരുടെ ചിരകാല സ്വപ്നമാണ് യാഥാർഥ്യമാകുന്നത്.
മന്ത്രി കെ.എൻ. ബാലഗോപാൽ മുൻകൈയെടുത്ത് ആരംഭിച്ച ബയോഡൈവേഴ്സിറ്റി വിനോദ സഞ്ചാര ശൃംഖല കൂടി പൂർത്തിയാകുന്നതോടെ കൂടുതൽ ഉണർവ് മൺറോ വിനോദസഞ്ചാര മേഖലക്ക് ലഭിക്കും.
35 കോടിയോളം രൂപ ചെലവഴിച്ച കുണ്ടറ-മൺറോതുരുത്ത് റോഡ് നിർമാണം അവസാനഘട്ടത്തിലാണ്.