ഇനി പെരിങ്ങാലത്തേക്ക് അടിപൊളിയാത്ര; കൊന്നയിൽകടവ് പാലം യാഥാർഥ്യത്തിലേക്ക്
text_fieldsപെരിങ്ങാലം കടത്തുകടവിന്റെ ഇൗ ഭാഗത്താണ് നിർദിഷ്ട കൊന്നയിൽ കടവ് പാലം വരുന്നത്
കുണ്ടറ: മൺറോതുരുത്ത് കൊന്നയിൽകടവ് പാലം യാഥാർഥ്യത്തിലേക്ക്. നിർമാണം തുടങ്ങാൻ അവസാന കടമ്പയായിരുന്ന കോസ്റ്റൽ റെഗുലേഷൻ സോൺ അനുമതി ഇന്നലെ ലഭിച്ചു. 2019ൽ ടെൻഡർ നടപടി പൂർത്തിയാക്കുകയും പ്രവൃത്തി ആരംഭിക്കുകയും ചെയ്തിരുന്നു. അന്ന് റെയിൽവേ ലൈനിന് സമാന്തരമായ വഴിയിലൂടെ നാല് മെട്രിക് ടണിൽ കൂടുതൽ ഭാരമുള്ള വാഹനങ്ങൾ കടന്നുപോകുന്നതിന് റെയിൽവേ തടസ്സം നിന്നിരുന്നു. നിർമാണ സാമഗ്രികൾ ജലമാർഗം എത്തിക്കുന്നതിനായി എസ്റ്റിമേറ്റ് പുതുക്കി. എങ്കിലും റെയിൽവേ ലൈനിന് അടിയിലൂടെ വലിയ വാഹനം കടത്തിവിടാൻ കഴിയില്ലെന്ന കാരണത്താൽ കരാറുകാരൻ പിന്മാറിയതോടെ കരാർ റദ്ദ് ചെയ്തു.
കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെയും സംസ്ഥാന ധനമന്ത്രിയുടെയും ഇടപെടലിനെ തുടർന്ന് 2023ൽ കൂടിയ കിഫ്ബിയുടെ 22ാമത് യോഗത്തിൽ അഷ്ടമുടിയിൽ നിന്ന് ജലഗതാഗത സൗകര്യം ഉപയോഗപ്പെടുത്തി നിർമാണ സാമഗ്രികൾ എത്തിച്ച് നിർമാണം നടത്തുന്നതിന് കിഫ്ബിക്ക് അനുമതി ലഭിക്കുകയും 36 കോടിയുടെ പുതിയ എസ്റ്റിമേറ്റ് തയാറാക്കുകയും ചെയ്തു. 2023 നവംബർ 22ന് കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ സാന്നിധ്യത്തിൽ കിഫ്ബി ആസ്ഥാനത്ത് സി.ഇ.ഒ കെ.എം. എബ്രഹാമിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പാലം അടിയന്തരമായി ടെൻഡർ ചെയ്യുവാനും അതോടൊപ്പം റോഡ് ഡിസൈൻ ചെയ്തത് ടെൻഡർ ചെയ്യുവാനും തീരുമാനിച്ചു.
തുടർന്ന് കിഫ്ബി പുതിയ പി.ഇ.സി തയാറാക്കുകയും 24 ഫെബ്രുവരി രണ്ടിന് ആരംഭിച്ച ടെൻഡർ നടപടി സ്ഥിരപ്പെടുത്താൻ മൂന്ന് പ്രാവശ്യം ടെൻഡർ ചെയ്യേണ്ടിവന്നു. മൂന്നാംതവണ കോവൂർ കുഞ്ഞുമോൻ എം.എൽ.എയും മന്ത്രി കെ.എൻ. ബാലഗോപാലുമായി ബന്ധപ്പെട്ട് അധികരിച്ച ഏകദേശം 50 ശതമാനം കൂടുതൽ തുകയായ 19.44 കോടിക്ക് പ്രവൃത്തി നടത്തുവാൻ 2025 ഫെബ്രുവരി 27ന് ചേർന്ന മന്ത്രിസഭ യോഗം അനുമതി നൽകി. പരിസ്ഥിതി അനുമതിക്കായി കേരള തീരദേശ പരിപാലന അതോറിറ്റിക്ക് അപേക്ഷ നൽകിയിരുന്നു. ഈ അനുമതി ചൊവ്വാഴ്ച ലഭിച്ചതോടെ നിർമാണം ഉടൻ ഉണ്ടാകും. 20 ദിവസങ്ങൾക്കുള്ളിൽ കരാറിൽ നടപടി പൂർത്തിയാക്കി പാലത്തിന്റെ നിർമാണം ആരംഭിക്കും.