പള്ളിമുക്ക് മേൽപാലം: 43.32 കോടിയുടെ ഭരണാനുമതി
text_fieldsകുണ്ടറ പള്ളിമുക്ക് ജങ്ഷൻ
കുണ്ടറ: പള്ളിമുക്ക് മേൽപാലനിർമാണത്തിന് 43.32 കോടിയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചതോടെ നാല് പതിറ്റാണ്ടായി കുണ്ടറ നിവാസികൾ സ്വപ്നം കണ്ടിരുന്ന പള്ളിമുക്ക് റെയിൽവേ മേൽപാലം യാഥാർഥ്യമാവുന്നു. മേൽപാല നിർമ്മാണത്തിനുള്ള നിർവഹണ ഏജൻസിയായി ആർ.ബി.ഡി.സി.കെയെ പുനർനിയമിച്ചുകൊണ്ടുള്ള പുതിയ ഉത്തരവ് വന്നതോടെ നിർമാണത്തിനുള്ള പ്രധാന തടസ്സം മാറി. മേൽപാലത്തിന്റെ നിർമാണച്ചുമതല ആദ്യം ആർ.ബി.സി.സി.കെക്ക് നൽകിയിരുന്നെങ്കിലും പാലം പിന്നീട് മറ്റൊരു പദ്ധതിയുടെ ഭാഗമാക്കിയതോടെ കെ.ആർ.എഫ്. ബി നിർവഹണ ഏജൻസിയായി മാറുകയായിരുന്നു. ഇതോടെ പദ്ധതി നീളുകയും നിർമാണം പ്രതിസന്ധിയിലാകുകയുമായിരുന്നു. ഇതോടെ പ്രദേശവാസികളുടെ പ്രതീക്ഷകളും നഷ്ടമായി.
കുണ്ടറ പൗരസമിതി മേൽപാല നിർമാണ അക്ഷൻ കൗൺസിലും മറ്റ് സാംസ്കാരിക സംഘടനകളും സമരങ്ങളുമായി സജീവമാക്കുകയും ചെയ്തിരുന്നു. തുടർന്ന് പി.സി. വിഷ്ണുനാഥ് എം.എൽ.എ നിരവധിതവണ നിയമസഭയിൽ കുണ്ടറ മേൽപാലം സബ്മിഷനായി ഉന്നയിച്ചതിന്റെ ഫലമായി പി.ഡബ്ല്യു.ഡി സെക്രട്ടറിയുടെ അധ്യക്ഷതയിൽ കെ.ആർ.എഫ്.ബിയുടെയും ആർ.ബി.ഡി.സി.കെയുടെയും എൻ.എച്ച്.എ.ഐയുടെയും ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തിരുന്നു.
യോഗത്തിൽ നിർവഹണ ഏജൻസിയായി വീണ്ടും ആർ.ബി.ഡി.സി.കെയെ നിശ്ചയിച്ച് തീരുമാനമെടുത്തു. റെയില്‍വേയുടെ ആവശ്യപ്രകാരം എന്‍.കെ. പ്രേമചന്ദ്രൻ എം.പിയുടെ സന്നിധ്യത്തില്‍ പി.സി. വിഷ്ണുനാഥ് എം.എല്‍.എയും െറയില്‍വേ ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട യോഗം ചേരുകയും ഇളമ്പള്ളൂരും മുക്കടയും പള്ളിമുക്കും സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തുകയും ചെയ്തിരുന്നു. നിര്‍വഹണ ഏജന്‍സിയെ ചുമതലപ്പെടുത്തി ഉത്തരവായാല്‍ ജി.എ.ഡി അപ്രൂവല്‍ പുതുക്കി നല്‍കുന്നതിനുളള തുടര്‍ നടപടി സ്വീകരിക്കുമെന്ന് െറയില്‍വേ അറിയിച്ചു. പാലം നിർമാണത്തിന്റെ തുടർപ്രവർത്തനങ്ങൾ വേഗത്തിലാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് പി.സി. വിഷ്ണുനാഥ് എം.എൽ.എ അറിയിച്ചു. സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുത്ത് നൽകുന്നതോടെ പാലം യാഥാർഥ്യമാകും.