പ്ലാസ്റ്റിക് സംഭരണകേന്ദ്രം തീവെച്ച് നശിപ്പിച്ചു
text_fields1. പേരയം പഞ്ചായത്ത് പ്ലാസ്റ്റിക് സംഭരണകേന്ദ്രം കത്തിനശിച്ച നിലയിൽ 2. പ്ലാസ്റ്റിക് സംഭരണകേന്ദ്രം പി.സി. വിഷ്ണുനാഥ്
എം.എൽ.എ സന്ദർശിക്കുന്നു
കുണ്ടറ: പേരയം ഗ്രാമപഞ്ചായത്ത് മാർക്കറ്റിൽ പ്രവർത്തിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യസംഭരണ കേന്ദ്രം സാമൂഹികവിരുദ്ധർ തീവെച്ച് നശിപ്പിച്ച നിലയിൽ. ഉത്തരവാദികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് പഞ്ചായത്തധികൃതർ കുണ്ടറ പൊലീസിൽ പരാതി നൽകി. കഴിഞ്ഞദിവസം രാത്രി 11 ഓടെയാണ് സംഭവം. കുണ്ടറയിൽനിന്ന് അഗ്നിരക്ഷാസേനയുടെ രണ്ട് യൂനിറ്റ് എത്തിയാണ് തീയണച്ചത്.
പരിസരവാസികൾ അറിയിച്ചതിനെത്തുടർന്ന് പഞ്ചായത്ത് പ്രസിഡൻറ് അനീഷ് പടപ്പക്കര, സെക്രട്ടറി എം.ജി. ബിനോയ്, വൈസ് പ്രസിഡന്റ് റെയ്ച്ചൽ ജോൺസൺ, വികസന സമിതി അധ്യക്ഷൻ ബി. സ്റ്റാഫോർഡ്, ക്ഷേമ സമിതി അധ്യക്ഷ എൻ.ഷേർളി, ഗ്രാമപഞ്ചായത്തംഗം ബിനോയി ജോർജ് എന്നിവരും പരിസരവാസികളും സ്ഥലത്തെത്തി തീകെടുത്താൻ നേതൃത്വം നൽകി.
തരംതിരിച്ച പ്ലാസ്റ്റിക് മാലിന്യവും റീസൈക്ലിങ് പ്രവർത്തനങ്ങൾക്കായി സംസ്കരിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങളും കെട്ടിടത്തിന്റെ വൈദ്യുതി ലൈനുകളും പൂർണമായി കത്തിനശിച്ചു. മൂന്നുകെട്ടിടങ്ങൾക്കും സാരമായ തകരാറുണ്ടായി. നഷ്ടം വിലയിരുത്തൽ തുടരുകയാണ്. മുമ്പും പ്രദേശം കേന്ദ്രീകരിച്ചുള്ള സാമൂഹികവിരുദ്ധപ്രവർത്തനങ്ങൾ ക്കെതിരെ പഞ്ചായത്ത് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. രാവിലെ കത്തി നശിച്ച കെട്ടിടവും പ്രദേശങ്ങളും കുണ്ടറ പി.സി. വിഷ്ണുനാഥ് എം.എൽ.എ, യു.ഡി.എഫ് കുണ്ടറ നിയോജകമണ്ഡലം ചെയർമാൻ കുരീപ്പള്ളി സലിം എന്നിവർ സന്ദർശിച്ചു. സംഭവത്തിൽ നേതാക്കൾ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു.