ലൈഫ് മിഷന് അപേക്ഷ നൽകിയിട്ടും വീട് ലഭിച്ചില്ല; ചോർന്നൊലിക്കുന്ന കൂരയിൽ ദമ്പതികൾ
text_fieldsമൺകട്ട കെട്ടിയ കൂരയുടെ മുന്നിൽ ഭാസ്കരൻ
കൊട്ടാരക്കര: 2022ൽ ലൈഫ് മിഷന് അപേക്ഷ നൽകിയിട്ടും വീട് ലഭിച്ചില്ല. ചോർന്നൊലിക്കുന്ന കൂരയിൽ കുടവട്ടൂർ വട്ടവിള നന്ദേശ് ഭവനിൽ ഭാസ്കരൻ ഭാര്യ ശാന്ത എന്നിവരാണ് താമസിക്കുന്നത്. ഭാസ്കരൻ തന്നെയാണ് മൺകട്ട കൊണ്ട് കൂര നിർമിച്ചത്. കൂരക്ക് മുകളിൽ ഓടുപാകിയിരുന്നു. ഓടുപൊട്ടി ചോർച്ചയായതോടെയാണ് വർഷങ്ങളായി ടാർപ്പ ഉപയോഗിച്ച് താമസിക്കുന്നത്. പലതവണ വാർഡ് മെംബറിന് വീട് അനുവദിക്കാൻ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരുമ്പോൾ മാത്രമാണ് വോട്ട് പിടിക്കാൻ ഈ കുടവട്ടൂർ കോളനിയിൽ വരുന്നത്. മഴ പെയ്താൽ വീടിനുള്ളിൽ കിടക്കാൻ സാധിക്കില്ല. ടാർപ്പയുടെ ഇടയിലൂടെ വെള്ളം വാർന്നിറങ്ങുകയാണ് ചെയ്യുന്നത്. രാത്രിമഴയിൽ ഉറങ്ങാൻപോലും കഴിയാത്ത അവസ്ഥയാണെന്ന് ഭാസ്കരൻ പറയുന്നു. വേനൽക്കാലമായാൽ അതികഠിനമായ ടാർപ്പയുടെ ചൂടുമാണ്. മഴപെയ്യുമ്പോൾ മൺകട്ട ഇടിഞ്ഞുവീഴുന്നതും പതിവാണ്. ഏത് നിമിഷവും നിലംപതിക്കാറായ നിലയിലാണ് ഈ കൂര. ഭാസ്കരൻ തന്നെയാണ് കിണർ നിർമച്ചത്. ഈ കിണറിൽ ചുറ്റുമതിൽ ഇല്ലാത്തതിനാൽ നായ്ക്കളാേ മറ്റോ കിണറ്റിൽവീണ് വെള്ളംകുടി മുട്ടിക്കുമോ എന്ന ഭയവും ഭാസ്കരനുണ്ട്.
അടുക്കള പേരിന് വേണ്ടി മാത്രമാണ് ഉള്ളത്. ഭാസ്കരനും ഭാര്യയും മാത്രമാണ് ഇവിടെ താമസിക്കുന്നത്. രണ്ടുപേരും കൂലിപ്പണിക്കും തൊഴിലുറപ്പ് ജോലിയും ചെയ്താണ് ജീവിതം നീക്കുന്നത്. വയസ്സായ ഭാസ്കരന് പഴയ പോലെ ടാർപ്പകെട്ടിയ കൂരക്ക് അറ്റകുറ്റപ്പണി ചെയ്യാൻ ആരോഗ്യം അനുവദിക്കുന്നില്ല. അടിയന്തരമായി ഇവർക്ക് വെളിയം പഞ്ചായത്ത് അധികൃതർ ലൈഫ് മിഷൻ വഴി വീട് അനുവദിക്കണമെ ന്നാണ് ഇവർ പറയുന്നത്.


