തദ്ദേശ തെരഞ്ഞെടുപ്പ്; ജില്ലയിൽ 22,43,067 പേർ അന്തിമ വോട്ടർപട്ടികയിൽ
text_fieldsകൊല്ലം: തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനായി പുറത്തിറക്കിയ അന്തിമ വോട്ടർപട്ടികയിൽ ജില്ലയിൽ ആകെ 22,43,067 പേർ ഉൾപ്പെട്ടു. 1,93,362 പേർ പുതുതായി പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. പുതുതായി ചേർന്നവരിൽ ഭൂരിപക്ഷവും സ്ത്രീകളാണ്. 1,06,015 വനിതകൾ വോട്ടർപട്ടികയിൽ പേരുചേർത്തപ്പോൾ, 87,345 പുരുഷന്മാരും പട്ടികയിൽ പുതുതായി ഉൾപ്പെട്ടു. വാർഡ് പുനർവിഭജനത്തിന് പിന്നാലെ പോളിങ് സ്റ്റേഷനുകളുടെ അടിസ്ഥാനത്തിലാണ് പട്ടിക പുതുക്കിയത്.
ജില്ലയിലെ ആകെ വോട്ടർമാരിൽ 10,38,204 പുരുഷന്മാരും 12,04,842 വനിതകളും 21 ട്രാൻസ്ജെൻഡർ വോട്ടർമാരും ഉൾപ്പെടും. 2025 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് പൂർത്തിയാക്കിയവരെ വോട്ടർമാരായി ഉൾപ്പെടുത്തി. വരാനിരിക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ സ്ത്രീ വോട്ടർമാരുടെ സാന്നിധ്യം ജില്ലയുടെ ഭരണനിർണയത്തിൽ നിർണായകമായിരിക്കും. കൊല്ലം കോർപറേഷൻ പരിധിയിലാണ് ഏറ്റവുമധികം വനിത വോട്ടർമാർ. ആകെ 1,63,502 പേർ കോർപറേഷൻ പരിധിയിൽ മാത്രമായി വോട്ടർപട്ടികയിൽ ഇടംനേടി.
ജില്ലയിൽ നിലവിൽ 68 ഗ്രാമപഞ്ചായത്തുകളും നാല് മുനിസിപ്പാലിറ്റികളും ഒരു കോർപറേഷനും അടക്കം 73 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണുള്ളത്. ജില്ലയിലെ വോട്ടർപട്ടികയിൽനിന്ന് 75,889 പേരുടെ പേര് ഒഴിവാക്കി. മരിച്ചവരുടെയും മറ്റ് ജില്ലകളിലേക്ക് വോട്ടുമാറ്റിയവരുടേയും പേരുകളാണ് ഒഴിവാക്കിയത്. കരട് പട്ടികയെ അടിസ്ഥാനപ്പെടുത്തി ലഭിച്ച 904 അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ച ശേഷമാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർ അന്തിമ വോട്ടർപട്ടിക പുറത്തിറക്കിയത്.