ലോറി മറിഞ്ഞു: രണ്ട് പേർക്ക് പരിക്ക്
text_fieldsശാസ്താംകോട്ട: കരുനാഗപ്പള്ളി-ശാസ്താംകോട്ട റോഡിൽ മൈനാഗപ്പള്ളി കുറ്റിയിൽ മുക്ക് ജംഗ്ഷനിൽ തക്കാളി ലോറി നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിലും ഇരുചക്രവാഹനത്തിലും ഇടിച്ച് മറിഞ്ഞു. അപകടത്തിൽ ഇരുചക്രവാഹന യാത്രികനായ മൈനാഗപ്പള്ളി സ്വദേശി അബ്ദുൽ സലാമിന് ഗുരുതര പരിക്കേറ്റു. ലോറി ഡ്രൈവർക്കും പരിക്കുണ്ട്.
ശനിയാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. മകനെ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ കൊണ്ടുപോയി വിട്ടശേഷം തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു അബ്ദുൽ സലാം. തമിഴ്നാട്ടിൽ നിന്നും തക്കാളിയുമായി കരുനാഗപ്പള്ളി ഭാഗത്തു നിന്നും ശാസ്താംകോട്ട ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്.
കുറ്റിയിൽ മുക്ക് ഭാഗത്ത് വെച്ച് പെട്ടെന്ന് വെട്ടിക്കുകയും നിയന്ത്രണം നഷ്ടപ്പെട്ട് അബ്ദുൽ സലാം സഞ്ചരിച്ച വാഹനത്തിലും സമീപത്തെ ഇലക്ട്രിക് പോസ്റ്റിലും ഇടിച്ച ശേഷം റോഡിലേക്ക് മറിയുകയുമായിരുന്നു. അപകടത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ അബ്ദുൽ സലാമിനെ നാട്ടുകാർ ഉടൻ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹം ഇപ്പോൾ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്. ലോറി മറിഞ്ഞതിനെ തുടർന്ന് ഡ്രൈവർക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുലർച്ചെ വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് വിവരമറിഞ്ഞ് ശാസ്താംകോട്ട പൊലീസും ഫയർ ആൻഡ് റെസ്ക്യൂ ടീമും സ്ഥലത്തെത്തി. റോഡിലേക്ക് പൂർണമായി മറിഞ്ഞുകിടന്ന ലോറി പണിപ്പെട്ടാണ് അധികൃതർ റോഡിൽ നിന്നും നീക്കംചെയ്തത്. അപകടത്തെ തുടർന്ന് പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

