ബൈപാസിൽ മെറ്റലും പാറപ്പൊടിയും ഇറക്കി; ഒല്ലാൽ പ്രദേശവാസികൾ ദുരിതത്തിൽ
text_fieldsപരവൂർ: ഒല്ലാൽ ബൈപാസിൽ കോൺക്രീറ്റിങ്ങിനായി മെറ്റലും പാറപ്പൊടിയും ഇറക്കിയതുമൂലം ദുരിതത്തിലായി പ്രദേശവാസികൾ. കഴിഞ്ഞദിവസം ഉച്ചയോടേ മഴ ശക്തമായതാണ് പ്രധാനമായും ദുരിതത്തിന് കാരണമായത്. പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡ് നവീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞദിവസം ഇവിടെ ഗതാഗതം തടസ്സപ്പെടുത്തിക്കൊണ്ട് മെറ്റലും പാറപ്പൊടിയും റോഡിനുകുറുകേ ഇറക്കിയിട്ടത്.
അന്നേദിവസം തന്നെ രാത്രിയിൽ ഇതറിയാതെ എത്തിയ ഇരുചക്ര വാഹനങ്ങൾ മെറ്റലിലേക്ക് ഇടിച്ചുകയറി യാത്രികൻ ഗുരുതര പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ശക്തമായ മഴയിൽ റോഡിന്റെ വശങ്ങളിലെ വീടുകളിൽ വെള്ളംകയറി. കിണറുകളിൽ പോലും റോഡിൽ നിന്നും ഒലിച്ചിറങ്ങിയ മലിനജലം ഇറങ്ങുന്ന സ്ഥിതിയായിരിക്കുകയാണ്. കോൺക്രീറ്റിങ് ആരംഭിച്ചപ്പോൾ തന്നെ, ഓരോ വശങ്ങളിൽ വീതം നിർമാണം നടത്താൻ ആവശ്യപ്പെട്ടതാണ്.
അതോടെപ്പംതന്നെ വശങ്ങളിൽ ഉയരംകൂട്ടി മധ്യഭാഗത്തുകൂടി വെള്ളം ഒഴുകി സമീപത്തെ തോട്ടിലേക്ക് ഒഴുകത്തക്ക രീതിയിൽ നിർമാണം നടത്താൻ പ്രദേശവാസികൾ ആവശ്യപ്പെട്ടെങ്കിലും കരാറുകാരൻ വഴങ്ങിയില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. നിലവിൽ കോൺക്രീറ്റ്ചെയ്ത ഭാഗങ്ങൾ ശക്തമായ മഴയിൽ ഒലിച്ചുപോയ അവസ്ഥയിലാണ്. ഇതിനും ശാശ്വത പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.


