കാടുമൂടി ഒരു റെയിൽവേ സ്റ്റേഷൻ
text_fieldsമൺറോതുരുത്ത് റെയിൽവേ സ്റ്റേഷൻ
വികസന വാഗ്ദാനങ്ങൾ കേട്ട് രോമാഞ്ചമണിഞ്ഞ് നിൽക്കുകയാണ് മൺറോതുരുത്ത് റെയിൽവേ സ്റ്റേഷൻ. കഴിഞ്ഞ അരനൂറ്റാണ്ടായി അവസ്ഥ ഇതുതന്നെ. ലോക വിനോദസഞ്ചാര ഭൂപടത്തിൽ ഇടം തേടിയ അനുഗൃഹീത തുരുത്താണിതെന്ന് പറഞ്ഞിട്ട് കാര്യമൊന്നുമില്ല, അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ഇവിടം ഇന്നും ശൈശവദശയിലാണ്.
കാട് മൂടിയ റെയിൽവേ പ്ലാറ്റ് ഫോം
ഇടത്തോടുകളും കണ്ടൽ ഭംഗിയും കൊണ്ട് അനുഗൃഹീതമായ ഈ നാട്ടിൽ ഒരിക്കൽ വന്നാൽ വീണ്ടും വീണ്ടും വരണമെന്ന് മോഹിപ്പിക്കുമെന്നുറപ്പ്. പക്ഷേ, വന്നെത്താനാണ് പാട്.
ഒരു കാലത്ത് കയറും തെങ്ങുമായിരുന്നു ഇവിടത്തുകാരുടെ ജീവിതാശ്രയം. കാലാവസ്ഥ വ്യതിയാനം തുരുത്തിന്റെ പരിസ്ഥിതിയെ ആകെ തകിടം മറിച്ചു. കയർ വ്യവസായത്തിന് പൊതുവേ സംഭവിച്ച ദുരന്തത്തിന്റെ ഭാഗമായി മൺറോതുരുത്തും. കാലാവസ്ഥയിൽ വന്ന മാറ്റം മണ്ട പോയ തെങ്ങുകളുടെ നാടാക്കി തുരുത്തിനെ മാറ്റി.
പ്ലാറ്റ്ഫോമും ട്രെയിനും തമ്മിലുള്ള ഉയരവ്യത്യാസം കാരണം ട്രെയിനിൽനിന്നിറങ്ങാൻ ബുദ്ധിമുട്ടുന്ന സ്ത്രീ
അതിനാൽ ഇപ്പോഴത്തെ ഏക ആശ്രയം നാടിന്റെ സന്ദര്യമാണ്. അത് കാണാൻ വിനോദ സഞ്ചാരികൾ പെടാപ്പാട് പെടണമെന്നതാണ് അവസ്ഥ. എട്ട് തുരുത്തുകളും തുരുത്തുകളെ മുട്ടിയുരുമി ഒഴുകുന്ന ചെറുതോടുകളും കണ്ടൽച്ചെടികളും കടത്തുവഞ്ചിയിൽ കയറിയുള്ള ജലയാത്രകളുമാണ് ഇനി നാടിന്റെ ഭാവി.
കാട് മൂടിയ മൺറോതുരുത്ത് റെയിൽവേ സ്റ്റേഷൻ
അതുകൊണ്ടുതന്നെ സഞ്ചാരികൾക്കെത്താൻ മെച്ചപ്പെട്ട ഗതാഗത സംവിധാനങ്ങൾ അത്യാവശ്യമാണ്. പക്ഷേ, മുമ്പുണ്ടായിരുന്ന സൗകര്യങ്ങൾ പോലും ഇല്ലാതായിക്കൊണ്ടിരിക്കുകയാണിപ്പോൾ. ഇതിന് ഏറ്റവും നല്ല ഉദാഹരണം റെയിൽവേ സ്റ്റേഷനാണ്. ഗതാഗത സൗകര്യം പരിമിതമായ തുരുത്തിൽ പേരയം, കിഴക്കേകല്ലട, മൺറോതുരുത്ത് പഞ്ചായത്തുകളിൽ നിന്നുള്ളവർ തിരുവനന്തപുരം, എറണാകുളം ഭാഗത്തേക്ക് പോകുന്നതിന് മൺറോതുരുത്തിനെയാണ് ആശ്രയിച്ചിരുന്നത്.
ട്രെയിൻ വിവരങ്ങൾ കടലാസിൽ എഴുതി പതിച്ചിരിക്കുന്നു
എന്നാൽ, ഉണ്ടായിരുന്ന ചില ട്രെയിനുകളുടെ സ്റ്റോപ്പുകൾ കൂടി ഇപ്പോൾ നിർത്തലാക്കിയിരിക്കുകയാണ്. പ്ലാറ്റ്ഫോമിന് മതിയായ നീളമില്ലാത്തതിനാൽ എക്സ്പ്രസ് ഉൾപ്പെടെയുള്ളവക്ക് സ്റ്റോപ്പില്ലാതായതോടെ കാടുമൂടിക്കിടക്കുകയാണ് സ്റ്റേഷനും ഇരിപ്പിടങ്ങളുമൊക്കെ.
2006-2011 കാലഘട്ടത്തിൽ ടൂറിസം മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ, അന്നത്തെ വിദ്യാഭ്യാസമന്ത്രിയും കുണ്ടറ എം.എൽ.എയുമായിരുന്ന എം.എ. ബേബി, ഇപ്പോഴത്തെ എം.പി കൊടിക്കുന്നിൽ സുരേഷ് എന്നിവർ തുരുത്തിന്റെയും റെയിൽവേ സ്റ്റേഷൻ വികസനത്തിന്റെയും മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളാണ് നൽകിയിട്ടുള്ളത്.
കോടിയേരി ബാലകൃഷ്ണനും പിന്നീട് പിണറായി വിജയനും തുരുത്ത് സന്ദർശിച്ച് വികസനത്തിന്റെ വലിയ പ്രതീക്ഷകൾ നൽകിയിരുന്നു. അവസാനമായി കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ നേതൃത്വത്തിൽ റെയിൽവേ ഉദ്യോഗസ്ഥസംഘവുമെത്തിയിരുന്നു. എന്നാൽ, ഒന്നും നടക്കുന്നില്ലെന്നതാണ് വാസ്തവം.
റെയിൽവേ സ്റ്റേഷന്റെ ഇന്നത്തെ അവസ്ഥയുടെ ചുരുക്കം ഇതാണ്...
- ഇതുവഴി കടന്നുപോകുന്ന ട്രെയിനുകൾ നിരവധി, നിർത്തുന്നവ ചുരുക്കം
- നിർത്തുന്ന ട്രെയിനുകളുടെ സമയം എഴുതി പ്രദർശിപ്പിക്കുന്നത് സാധാരണ പേപ്പറിൽ
- ഇലക്ട്രോണിക് ടിക്കറ്റ് സംവിധാനം പോയിട്ട് സ്വന്തമായി ടിക്കറ്റ് പോലുമില്ല. പഴയ കാർഡ് ടിക്കറ്റ് പെരിനാട് സ്റ്റേഷനിൽനിന്ന് കൊണ്ടുവന്നാണ് വിതരണം
- ടിക്കറ്റ് വിതരണം കരാറുകാരന്, പലപ്പോഴും ടിക്കറ്റ് നൽകാൻ ആളുണ്ടാകില്ല
- പ്രതിദിനം വന്നുപോകുന്നത് അഞ്ഞൂറിലധികം സ്ഥിരം യാത്രക്കാർ, ശൗചാലയം ഒന്നുപോലുമില്ല
- പ്ലാറ്റ്ഫോമിലാകെ കുറ്റിക്കാട്, ഇരിക്കാനുള്ള കോൺക്രീറ്റ് െബഞ്ചുകൾ പോലും കുറ്റിക്കാടിനുള്ളിൽ
- പ്ലാറ്റ്ഫോമും ട്രെയിനും തമ്മിലുള്ള ഉയരവ്യത്യാസം കാരണം ട്രെയിനിൽ കയറാൻ അഭ്യാസം പഠിക്കണം
- ലൈറ്റുകളില്ലാത്തതുമുലം സന്ധ്യമയങ്ങിയാൽ റെയിൽവേ സ്റ്റേഷനെത്തിയാൽ പേടിക്കും
പ്രധാന വാഗ്ദാനങ്ങൾ
ആഗസ്റ്റ് 16ന് ഉദ്യോഗസ്ഥർക്കൊപ്പം സ്റ്റേഷൻ സന്ദർശിച്ച കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ വാഗ്ദാനങ്ങളാണ് ഒടുവിലത്തേത്
- റെയിൽവേ സ്റ്റേഷന്റെ നിലവിലുള്ള കെട്ടിടം പൊളിച്ച് പുതിയത് നിർമിക്കാൻ എസ്റ്റിമേറ്റ് തയാറാക്കും
- ഒന്നാം പ്ലാറ്റ്ഫോമിൽ റെയിൽവേ ഓപറേറ്റിങ് വിഭാഗത്തിനായി പുതിയ കെട്ടിടം
- റെയിൽവേ സ്റ്റേഷൻ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ മനോഹരമാക്കും
- ഒന്നും രണ്ടും പ്ലാറ്റ് ഫോമുകളുടെ ലെവൽ ഉയർത്തും. പ്ലാറ്റ്ഫോമുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിന് മൂന്ന് കോടി രൂപ അനുവദിച്ചു
- 24 കോച്ച് വരെയുള്ള ട്രെയിനുകൾ നിർത്തത്തക്കവിധം പ്ലാറ്റ് ഫോമിന്റെ നീളം കൂട്ടാനുള്ള നടപടികൾ പുരോഗമിക്കുന്നു
- പട്ടംതുരുത്ത് ഭാഗത്ത് അടിപ്പാത നിർമിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും
- ട്രെയിനുകളുടെ മുമ്പുണ്ടായിരുന്ന സ്റ്റോപ് പുനഃസ്ഥാപിക്കാൻ ശിപാർശ ചെയ്യും
- അഷ്ടമുടിക്കായലിലുള്ള ഏഴ് ഏക്കറോളം വരുന്ന പള്ളിയാതുരുത്ത് റെയിൽവേ െഡവലപ്മെന്റ് കോർപറേഷനെ ഏൽപിച്ച് ടൂറിസം പ്രോജക്ട് നടപ്പാക്കും