ബാർ ജീവനക്കാർ തമ്മിൽ തർക്കം; അമ്പതുകാരനെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ
text_fieldsനിതുൻ
കൊല്ലം: ബാർ ജീവനക്കാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് അമ്പതുകാരനെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ യുവാവ് കൊല്ലം വെസ്റ്റ് പൊലീസിന്റെ പിടിയിലായി. ബാറിലെ ജീവനക്കാരനായ ആശ്രാമം പുളിമൂട്ടിൽ ഹൗസിൽ നിതുൻ (അനീഷ്-37) ആണ് പിടിയിലായത്. കോട്ടയം സ്വദേശിയായ ബാറിലെ മറ്റൊരു ജീവനക്കാരൻ സാബു എന്ന കെ.വി.മാത്യുവിനെ(50) ആണ് ഇയാൾ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴിഞ്ഞ ആറിന് ബാറിൽ വെച്ച് ഇവർ തമ്മിൽ വാക്ക് തർക്കം ഉണ്ടായതിനെ തുടർന്ന് മാത്യുവിനെ നിതുൻ മർദിച്ച് തറയിൽ തള്ളിയിട്ടതായാണ് കേസ്.
വീഴ്ചയിൽ തലക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് മാത്യുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലച്ചോറിലുണ്ടായ ആന്തരിക രക്തസ്രാവമാണ് പരിക്ക് ഗുരുതരമാകാൻ കാരണമെന്നാണ് ഡോക്ടർമാരുടെ കണ്ടെത്തൽ.
കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ മാത്യുവിന്റെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ തിരുവന്തപുരം മെഡിക്കൽ കോളജ് പരിസരത്ത് നിന്നുമാണ് പിടികൂടിയത്. കൊല്ലം വെസ്റ്റ് പൊലീസ് ഇൻസ്പെക്ടർ ഫയാസിന്റെ നേതൃത്വത്തിൽ എസ്.ഐ അൻസർഖാൻ, എസ്.സി.പി.ഒ മാരായ സുജിത്ത്, ദീപുദാസ് എന്നിവരങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.