‘പുസ്തക വസന്ത’വുമായി നൗഷാദ് സഞ്ചരിക്കുകയാണ്
text_fieldsനൗഷാദ്
കടയ്ക്കൽ: പുസ്തകപ്രേമികൾക്കും എഴുത്തുകാർക്കും ഒരുപോലെ പ്രിയപ്പെട്ടവനാണ് ചിതറ തുമ്പമൺ തൊടി പള്ളിപ്പടിഞ്ഞാറ്റതിൽ വീട്ടിൽ നൗഷാദ്.
ഒരു തുണിസഞ്ചി നിറയെ സാഹിത്യ-വൈജ്ഞാനിക പുസ്തകങ്ങൾ കുത്തിനിറച്ച് ചുമലിലേറ്റി കോഴിക്കോട്ടെ ഒട്ടുമിക്ക ഓഫിസുകളിലും കലാലയങ്ങളിലും സമ്മേളന നഗരിയിലുമെല്ലാം ഉപജീവനത്തിനായി പുസ്തകവിൽപനയുമായി നടന്നുനീങ്ങുകയാണ് 43കാരനായ നൗഷാദ്. കൊല്ലം കാർഷിക ഗ്രാമവികസന ബാങ്കിലെ ജോലി ഉപേക്ഷിച്ച് കോഴിക്കോടെത്തിയതോടെ പുസ്തകങ്ങളും വായനക്കാരുമാണ് കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെയായി നൗഷാദിന്റെ സൗഹൃദവഴികൾ. അക്ഷരങ്ങളിഷ്ടപ്പെടുന്ന അനേകംപേരാണ് സമൂഹമാധ്യമങ്ങളിലൂടെ നൗഷാദിന്റെ പുസ്തകലോകത്തിലെ നിത്യസൗഹൃദങ്ങൾ. വിദേശത്തും സ്വദേശത്തുമുള്ള മലയാളി വായനക്കാർക്ക് പുസ്തകങ്ങൾ പരിചയപ്പെടാനും അവർക്കെത്തിച്ചുനൽകാനും ‘പുസ്തകലോകം’ എന്ന തന്റെ സൈബർ കൂട്ടായ്മയെ ഉപയോഗിക്കുകയാണ് നൗഷാദ്.
ഒരുപുസ്തകം ആവശ്യംവന്നാൽ പേരുമാത്രമേ അറിയുള്ളു, ആരാണ് എഴുതിയതെന്നോ എന്നാണ് പ്രസിദ്ധീകരിച്ചതെന്നോ, ആരാണ് പ്രസാധനം ചെയ്തതെന്നോ ഒന്നും തന്നെ അറിയില്ല. എന്നാൽ, പുസ്തകം നമുക്ക് അത്യാവശ്യമായി കിട്ടുകയും വേണം.
അങ്ങനെയുള്ളപ്പോൾ നൗഷാദിന് വാട്സ്ആപ് വഴി സന്ദേശമയച്ചാൽ മതി, ചുരുങ്ങിയ ദിവസത്തിനുള്ളിൽ നാമന്വേഷിക്കുന്ന പുസ്തകം ആവശ്യക്കാരുടെ കൈകളിലെത്തും.
കൊല്ലം-തിരുവനന്തപുരം, കൊല്ലം-കോട്ടയം, കൊല്ലം-എറണാകുളം റെയിൽ റൂട്ടുകളിലും, കൊല്ലം ഭരണിക്കാവിൽ സർവിസ് ബസുകളിലും പുസ്തകവിൽപനക്കാരനായിരുന്നു നൗഷാദ്. പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം ചെറിയ തൊഴിലുകളോടൊപ്പം തന്നെ പ്രീഡിഗ്രിയും, ബി.എ ഇംഗ്ലീഷും പ്രൈവറ്റായി പഠിച്ച് പാസായി. തുടർന്ന് കേരള സർവകലാശാലയിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിലും മധുര കാമരാജ് സർവകലാശാലയിൽ നിന്നും ജേണലിസത്തിലും ബിരുദാനന്തര ബിരുദവും കൊട്ടാരക്കര സഹകരണപരിശീലനകേന്ദ്രത്തിൽ നിന്നും എച്ച്.ഡി.സിയും കരസ്ഥമാക്കി. മുന്നൂറോളം ഗവേഷണ-പഠന- വൈജ്ഞാനിക പുസ്തകങ്ങൾ ഇത്തരത്തിൽ നൗഷാദ് പുറത്തിറക്കി.
റോയൽറ്റിയോ, എഴുത്തുകാർക്കുള്ള അധികം കോപ്പികളോ നൽകാതെ, ഉടമ്പടികളോ ഉപാധികളോ ഒന്നും തന്നെയില്ലാതെ പകർപ്പവകാശം എഴുത്തുകാരനിലും അവരുടെ അവകാശികളിലും മാത്രം നിലനിർത്തി പുസ്തകങ്ങൾ പുറത്തിറക്കുന്ന പ്രസാധകനുമാണ്. പലതിനും ഒട്ടേറെ പതിപ്പുകൾ വന്നു.
മലയാളത്തിൽ ഏതൊക്കെ പുതിയ പുസ്തകങ്ങൾ ഇറങ്ങുന്നു എന്നറിയാൽ ‘പുസ്തകലോകം’ എന്ന നൗഷാദിന്റെ സമൂഹമാധ്യമ പേജ് സന്ദർശിച്ചാൽ മതി. അങ്ങനെ എത്തിയ വിദ്യാർഥികൾ, അധ്യാപകർ, ഗവേഷകർ എന്നിങ്ങനെ വലിയയൊരു കൂട്ടമാണ് പുസ്തകലോകത്തിന്റെ കരുത്ത്.