ജിം സന്തോഷിന്റെ കൊലപാതകത്തിനു പിന്നിൽ ഗുണ്ട സംഘങ്ങളുടെ കുടിപ്പക; പ്രതികൾക്കായി വീടുകൾ അരിച്ചുപെറുക്കി പൊലീസ്
text_fieldsപ്രതികൾ സഞ്ചരിച്ച കാർ വയനകം ക്ഷേത്രത്തിന് സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ
ഓച്ചിറ: കരുനാഗപ്പള്ളിയിലെ ഗുണ്ടാത്തലവൻ പടവടക്ക് കൊട്ടിശ്ശേരിൽ ജിം സന്തോഷിനെ (41) വീട്ടിൽ കയറി വെട്ടികൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കായി ഓച്ചിറ വയനകത്ത് വീടുകൾ അരിച്ചു പെറുക്കി പൊലീസ് പരിശോധന. പ്രതികൾ സഞ്ചരിച്ച കാർ വയനകം ചാങ്കൂർ ക്ഷേത്രത്തിന് സമീപത്ത് നിന്ന് പൊലീസ് കണ്ടെത്തി. നിരവധി ക്രിമിനൽ കേസിലെ പ്രതിയായ ഞക്കനാൽ സ്വദേശി അലുവ അതുലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഓച്ചിറ ബാർ കേന്ദ്രീകരിച്ച് ക്വട്ടേഷൻ ഏറ്റെടുത്ത് അക്രമം നടത്തുന്ന സംഘമാണ് ഇവർ.
മാർച്ച് ഒന്നിന് 108 ആംബുലൻസ് ഡ്രൈവറെയും അയൽവാസിയെയും നഞ്ചക്ക് ഉപയോഗിച്ച് അക്രമിച്ച കേസിൽ ഒളിവിൽ കഴിയുകയാണ് അലുവ അതുൽ. കൊലനടത്തിയശേഷം കാറിലെത്തിയ ആക്രമിസംഘം രാവിലെ 6.30ഓടെ ചാങ്കൂർക്ഷേത്രത്തിന് സമീപത്തെ തട്ടുകടയിൽനിന്ന് ചായ കുടിക്കുന്നതിനിടയിൽ ഓച്ചിറ പൊലീസെത്തിയെങ്കിലും പ്രതികൾ ഓടി രക്ഷപ്പെട്ടു.
ജില്ലയിലെ മിക്ക സ്റ്റേഷനിൽനിന്നുള്ള പൊലീസ് സംഘം വയനകം കേന്ദ്രീകരിച്ച് വീടുകളിൽ വൈകീട്ട് വരെ പരിശോധന നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താൻ ആയിട്ടില്ല. ആലപ്പുഴ ജില്ലയിലെ പൊലീസ് സംഘം കായംകുളം, വള്ളികുന്നം കേന്ദ്രീകരിച്ച് പരിശോധന നടത്തുകയാണ്. മിനിട്ടുകളുടെ വിത്യാസത്തിലാണ് പ്രതികൾ രക്ഷപ്പെട്ടത്. കാർ ഉടമയേയും കാർ വാടകെക്കടുത്ത കുക്കു എന്ന യുവാവിനെയും കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. വയനകം ഭാഗങ്ങളിലെ സി.സി.ടി.വികളും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതികൾ പ്രദേശം വിട്ടുപോയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
കൊലക്ക് പിന്നിൽ ഗുണ്ട സംഘങ്ങളുടെ കുടിപ്പക
കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയെ നടുക്കിയ കൊലക്ക് പിന്നിൽ പ്രവർത്തിച്ചത് നഗരത്തിലെ വൻകിട ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയും പ്രതികാരവും. കൊല്ലപ്പെട്ട ജിം സന്തോഷും അലുവ അതുലുമാണ് കരുനാഗപ്പള്ളിയിലെ ഗുണ്ടാ മാഫിയയിലെ ഇരുസംഘങ്ങളെ നയിച്ചിരുന്നത്.
അതുലിന്റെ സംഘത്തിൽപെട്ട പങ്കജിനെ കഴിഞ്ഞ നവംബർ 12ന് കരുനാഗപ്പള്ളി കെ.എസ്.ഇ.ബി ഓഫിസിനു മുന്നിലേക്ക് വിളിച്ചുവരുത്തി അനുരഞ്ജന ശ്രമം എന്ന നിലയിൽ ചർച്ച നടത്തവേ സന്തോഷ് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പങ്കജ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ യൂനിറ്റിൽ മാസങ്ങളോളമുള്ള ചികിത്സയെ തുടർന്നാണ് രക്ഷപ്പെട്ടത്. ഇതിലുള്ള പ്രതികാരമാണ് സന്തോഷിന്റെ വധത്തിന് പിന്നിൽ. വൻ സംഘമായിരുന്ന ഇവർ ഇരുചേരിയിൽ ആയതോടെയാണ് പകയും അക്രമവും വർധിച്ചത്. ഇരു വിഭാഗങ്ങൾക്കും നഗരത്തിലെ പ്രമുഖരുടെ പിന്തുണയും മയക്കുമരുന്ന് ലോബികളുടെ സഹായവും ലഭിക്കുന്നുണ്ട്.